Connect with us

From the print

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടനെന്ന് പ്രധാനമന്ത്രി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വികസിത ഇന്ത്യ എന്ന സ്വപ്നസാക്ഷാത്കാരത്തിന് പുതിയ വേഗം നല്‍കുകയും ചെയ്യും.'

Published

|

Last Updated

ന്യൂഡല്‍ഹി | ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിര്‍ദേശം മന്ത്രിസഭ ഉടന്‍ അംഗീകരിക്കുമെന്നും പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മതേതര സിവില്‍ കോഡായ ‘ഒരു രാജ്യം ഒരു സിവില്‍ കോഡ്’ എന്നതിലേക്കാണ് രാജ്യം നീങ്ങുന്നത്. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹിക ഐക്യ തത്ത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂനിറ്റിയില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 149ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വികസിത ഇന്ത്യ എന്ന സ്വപ്നസാക്ഷാത്കാരത്തിന് പുതിയ വേഗം നല്‍കുകയും ചെയ്യും. സര്‍ക്കാര്‍ നയങ്ങളിലും തീരുമാനങ്ങളിലും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയം ശക്തിപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ മുഖേനയുള്ള രാജ്യം, ഏക തിരിച്ചറിയല്‍ രേഖ, ജി എസ് ടി, ദേശീയ റേഷന്‍ കാര്‍ഡ് എന്നിവ രാഷ്ട്ര മാതൃകകളാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ സര്‍ക്കാറിന്റെ പത്ത് വര്‍ഷത്തെ ഭരണ നേട്ടമാണ്. ഇന്ത്യയുടെ ഐക്യത്തിന് അത് പ്രധാന നാഴികക്കല്ലാണെന്നും മോദി അവകാശപ്പെട്ടു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഒരു ഭരണഘടന എന്ന പ്രമേയം പൂര്‍ത്തീകരിച്ചത്. 70 വര്‍ഷമായി അംബേദ്കറുടെ ഭരണഘടന രാജ്യത്തുടനീളം നടപ്പാക്കിയിരുന്നില്ല. ഭരണഘടനയുടെ പേര് ജപിക്കുന്നവര്‍ അതിനെ വളരെയധികം അപമാനിച്ചു. പത്ത് വര്‍ഷത്തിനിടെ ദേശീയ സുരക്ഷക്കെതിരായ നിരവധി ഭീഷണികള്‍ ഇല്ലാതാക്കി. ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നല്‍കില്ലെന്ന് തീവ്രവാദികളുടെ യജമാനന്മാര്‍ക്ക് ഇപ്പോള്‍ മനസ്സിലായി. സംഘര്‍ഷങ്ങള്‍ കാരണം മറ്റ് രാജ്യങ്ങള്‍ പരസ്പരം അകന്നിരിക്കുമ്പോഴും അവര്‍ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയാണെന്നും മോദി പറഞ്ഞു.

അസാധ്യമെന്ന് കോണ്‍ഗ്രസ്സ്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അസാധ്യമാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലിമെന്റില്‍ ഇത് സംബന്ധിച്ച ബില്ല് വരുമ്പോള്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. അന്ന് മാത്രമേ ഒറ്റ തിരഞ്ഞെടുപ്പ് സാധ്യമാകൂവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി പാസ്സാകൂ. നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമാണ് ഇത് സാധിക്കുക.