From the print
ഡിജിറ്റൽ അറസ്റ്റിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി
സാധ്യമെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യുക. തുടർന്ന് നാഷനൽ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930 ഡയൽ ചെയ്യുക
ന്യൂഡൽഹി | ഡിജിറ്റൽ അറസ്റ്റിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള സംവിധാനം നിയമത്തിലില്ലെന്നും ഇത് തട്ടിപ്പാണെന്നും സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പ് നടത്തുന്നതിന്റെ ശബ്ദശകലം കേൾപ്പിച്ചാണ് പ്രധാനമന്ത്രി വിഷയം അവതരിപ്പിച്ചത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇരയും തട്ടിപ്പുകാരനും തമ്മിലാണ് ഈ സംഭാഷണം നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ വിളിക്കുന്നവർ പോലീസ്, സി ബി ഐ, നാർകോട്ടിക്‌സ്, ആർ ബി ഐ തുടങ്ങിയ ഏജൻസികളുടെ പേരുകൾ പ്രയോഗിക്കുകയും വ്യാജ ഉദ്യോഗസ്ഥർ ചമഞ്ഞ് സംസാരിക്കുകയും വളരെ ആത്മവിശ്വാസത്തോടെ അത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരും ഡിജിറ്റൽ അറസ്റ്റിന്റെ ഇരകളായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇക്കാര്യം ശ്രദ്ധിക്കാം
അന്വേഷണ ഏജൻസികൾ ഫോൺ, വീഡിയോ കോളുകളിലൂടെ അന്വേഷണം നടത്തുന്നില്ല. ഒരു സർക്കാർ ഏജൻസിയും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ വീഡിയോ കോളുകൾ വഴി അന്വേഷണം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ഇത്തരം ഫോൺ കോളുകൾ വരുമ്പോൾ ചിന്തിച്ച് സംയമനം പാലിക്കണം. പരിഭ്രാന്തരാകരുത്. തിടുക്കത്തിൽ ഒരു നടപടിയും എടുക്കരുത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്.
സാധ്യമെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യുക. തുടർന്ന് നാഷനൽ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930 ഡയൽ ചെയ്യുക. cybercrime.gov.inൽ റിപോർട്ട് ചെയ്യുകയും തെളിവുകൾ സൂക്ഷിക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാറുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും മോദി പറഞ്ഞു.