Ongoing News
പ്രൈം വോളിബോൾ ലീഗ്; അഹമ്മദാബാദ് ചാന്പ്യൻസ്
ബെംഗളൂരു ടോർപിഡോസിനെ 3-2ന് തോൽപ്പിച്ചാണ് അഹമ്മദാബാദ് കിരീടം ചൂടിയത്
കൊച്ചി | പ്രൈം വോളിബോൾ ലീഗ് കിരീടം അഹമ്മദാബാദ് ഡിഫൻഡേഴ്‌സിന്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ബെംഗളൂരു ടോർപിഡോസിനെ 3-2ന് തോൽപ്പിച്ചാണ് ഡിഫൻഡേഴ്സ് കന്നിക്കിരീടം ചൂടിയത്. സ്‌കോർ: 15-7, 15-10, 18-20, 13-15, 15-10. ആദ്യ സീസണിന്റെ ഫൈനലിൽ ഡിഫൻഡേഴ്‌സ് കൊൽക്കത്ത തണ്ടർബോൾട്ട്‌സിനോട് തോറ്റിരുന്നു.
ഇരു ടീമുകളും സ്‌പൈക്കുകളോടെ ഒപ്പത്തിനൊപ്പമാണ് കളി തുടങ്ങിയത്. എന്നാൽ, പതുക്കെ ബെംഗളൂരു കളംപിടിച്ചു. പങ്കജ് മിന്നുന്ന സ്‌പൈക്കുമായി ലീഡൊരുക്കി. എന്നാൽ അഹമ്മദാബാദ് ഗംഭീരമായി തിരിച്ചെത്തി. ഡാനിയൽ മൊതാസെദിയുടെ ബ്ലോക്കുകൾ അഹമ്മദാബാദിനെ മുന്നിൽ കൊണ്ടുവന്നു. 8- 5ന് അഹമ്മദാബാദ് മുന്നിലെത്തി. ഇടക്ക് ജിഷ്ണുവിന്റെ സ്‌പൈക്ക് അഹമ്മദാബാദിന്റെ പ്രതിരോധം തകർത്തെങ്കിലും മൊതാസെദിയുടെ മികവ് ബെംഗളൂരുവിനെ തടഞ്ഞു. അവർ ലീഡുയർത്തി. മൊതാസെദിയുടെ കരുത്തുറ്റ സ്‌പൈക്ക് ബെംഗളൂരുവിനെ ഉലച്ചു. ഒടുവിൽ ഈ ഇറാൻ താരത്തിന്റെ സെർവ് ബെംഗളൂരു പ്രതിരോധത്തിൽ തട്ടിത്തറിച്ചതോടെ സെറ്റ് 15- 7ന് ആധികാരികമായി അഹമ്മദാബാദ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും അഹമ്മദാബാദിന് മുന്നിൽ ബെംഗളൂരു വേഗം കീഴടങ്ങി. മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 20-18ന്റെ ജയവുമായി ബെംഗളൂരു തിരിച്ചുവന്നു. നാലാം സെറ്റിലും (15-13) ബെംഗളൂരു നിറഞ്ഞാടി. ഇതോടെ നിർണായകമായ അഞ്ചാം സെറ്റിൽ അംഗമുത്തുവിന്റെ സ്‌പൈക്കുകളിലൂടെ അഹമ്മദാബാദ് 5- 2ന് ലീഡ് നേടി. അവരുടെ ബ്ലോക്കിംഗും മികച്ചതായി. സേതുവിന്റെ പ്രതിരോധ മികവിലൂടെ ബംഗളൂരു ലീഡ് കുറക്കാൻ തുടങ്ങി. എന്നാൽ, കഴിഞ്ഞ രണ്ട് സെറ്റുകളിലും സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാൻ ശ്രമിച്ച അഹമ്മദാബാദ് 11-7ന് ലീഡുയർത്തി. സന്തോഷിന്റെ സൂപ്പർ സെർവിൽ കളിപിടിച്ച അവർ 15- 10ന് ജയവും കിരീടവും സ്വന്തമാക്കി.