International
ചാൾസ് രാജകുമാരൻ ബ്രിട്ടീഷ് രാജാവ്; കാമില രാജ്ഞി
രാജ്ഞിയുടെ മരണം സംഭവിച്ച് 24 മണിക്കൂറിനുള്ളിൽ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ചാൾസിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലണ്ടൻ | ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അവരുടെ മകൻ ചാൾസ് രാജകുമാരൻ പുതിയ രാജാവായി. ഇനി അദ്ദേഹം ചാൾസ് മൂന്നാമൻ രാജാവ് എന്നറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്..
രാജ്ഞിയുടെ മരണം സംഭവിച്ച് 24 മണിക്കൂറിനുള്ളിൽ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ചാൾസിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിർന്ന പാർലമെന്റേറിയൻമാർ, മുതിർന്ന സിവിൽ ഉദ്യോഗസ്ഥർ, കോമൺവെൽത്ത് ഹൈക്കമ്മീഷണർ, ലണ്ടൻ മേയർ ലോർഡ് എന്നിവർ ഇതിൽ ഉൾപ്പെടും.
ചടങ്ങിൽ, പ്രിവി കൗൺസിലിന്റെ പ്രഥമ പ്രസിഡൻറ് പെന്നി മോർഡന്റ് എലിസബത്ത് രണ്ടാമന്റെ മരണം പ്രഖ്യാപിക്കും. ഈ പ്രഖ്യാപനം ഉച്ചത്തിലുള്ള ശബ്ദത്തിലായിരിക്കും. അതിനുശേഷം നിരവധി പ്രാർത്ഥനകൾ ഉണ്ടാകും, രാജ്ഞിയുടെ നേട്ടങ്ങൾ പറയും.
പ്രഖ്യാപനത്തിൽ പ്രധാനമന്ത്രിയും കാന്റർബറി ആർച്ച് ബിഷപ്പും ലോർഡ് ചാൻസലർ ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പിടും. പുതിയ രാജാവ് അധികാരമേറ്റതിന് ശേഷം ചില മാറ്റങ്ങൾ വരുത്തണോ എന്ന കാര്യവും ഈ പരിപാടിയിൽ തീരുമാനിക്കും.