National
ജയില്‍ ടൂറിസം; 500 രൂപയ്ക്ക് ഒരു ദിവസം ജയിലില്‍ കഴിയാം
കൊടും കുറ്റവാളികളോടൊപ്പം സെല്ലില്‍ കഴിയേണ്ടി വരും. നിലവില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന 29 പേര്‍ ഹില്‍ഡാഗ ജയിലിലുണ്ട്.

ബെലാഗവി| പലതരം ടൂറിസങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ജയില്‍ ടൂറിസം എന്നത് ആദ്യമായിട്ടാകും കേള്‍ക്കുന്നത്. 500 രൂപ നല്‍കിയാല്‍ ഒരു ദിവസം ജയിലില്‍ കഴിയാനുള്ള അവസരമാണ് കര്‍ണ്ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഒരുക്കുന്നത്. ഒരു ദിവസത്തെ താമസം സുഖകരമാകുമെന്ന് കരുതേണ്ട. തടവുപുള്ളികളോടുള്ള സമീപനമായിരിക്കും അധികൃതര്‍ക്ക് സന്ദര്‍ശകരോടുമുണ്ടാകുക. പുലര്‍ച്ചെ ഒരു ബെല്ലോടുകൂടി ജയിലിലെ ഒരു ദിവസം ആരംഭിക്കും. സന്ദര്‍ശകനും ജയിലിലെ യൂണിഫോം ധരിക്കണം. തടവുകാര്‍ക്കുള്ളതുപോലെ നമ്പറും ലഭിക്കും.
തടവ് പുള്ളികള്‍ക്കൊപ്പം സന്ദര്‍ശകര്‍ സെല്‍ പങ്കിടുകയും അതേ ഭക്ഷണം കഴിക്കുകയും ചെയ്യണം. കൂടാതെ പൂന്തോട്ട നിര്‍മ്മാണം, പാചകം, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും വേണം. രാവിലെ 5 മണിക്ക് ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. തുടര്‍ന്ന് സെല്ല് വൃത്തിയാക്കിയ ശേഷം പ്രാതല്‍ കഴിക്കാം. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറുമാണ് ഭക്ഷണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം മാംസാഹാരം കിട്ടും. ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ വരുന്നതെങ്കില്‍ സ്പെഷ്യല്‍ ഭക്ഷണം കഴിക്കാമെന്നും ജയില്‍ അധികൃതര്‍ പറയുന്നു. രാത്രി ആഹാരം കഴിച്ചു കഴിഞ്ഞാല്‍ പായയുമായി അനുവദിച്ച സെല്ലില്‍പോയി നിലത്ത് കിടന്നുറങ്ങാം. ഈ സമയത്ത് അധികൃതര്‍ സെല്ലുകള്‍ പൂട്ടിയിടുകയും ചെയ്യും. ചിലപ്പോള്‍ കൊടും കുറ്റവാളികളോടൊപ്പം സെല്ലില്‍ കഴിയേണ്ടി വരും. നിലവില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന 29 പേര്‍ ഹില്‍ഡാഗ ജയിലിലുണ്ട്.
പ്രതികളോടൊപ്പം കഴിയുന്നതിലൂടെ ജയില്‍ വാസത്തെ കുറിച്ച് മനസ്സിലാക്കാനും കുറ്റ കൃത്യങ്ങളില്‍ നിന്ന് പിന്തിരിയാനുമുള്ള അവസരമാണ് ലഭിക്കുകയെന്നാണ് ജയില്‍ അധികൃതരുടെ അഭിപ്രായം. ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് അധികൃതര്‍.