private bus fare hike
സ്വകാര്യ ബസ് നിരക്ക് വര്‍ധന ഉടന്‍; രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മിനിമം നിരക്ക് 10 രൂപയാക്കാനും വിദ്യാര്‍ഥി കണ്‍സെഷന്‍ അഞ്ച് രൂപയാക്കാനുമാണ് ശിപാര്‍ശ.
തിരുവനന്തപുരം | സംസ്ഥാനത്തെ സ്വകാര്യ ബസ് യാത്രാ നിരക്ക് വര്‍ധന ഉടനെയുണ്ടാകും. നിരക്ക് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് വര്‍ധന ഉടനെയുണ്ടാകുമെന്ന സൂചന വന്നത്. മിനിമം നിരക്ക് 10 രൂപയാക്കാനും വിദ്യാര്‍ഥി കണ്‍സെഷന്‍ അഞ്ച് രൂപയാക്കാനുമാണ് ശിപാര്‍ശ.
മിനിമം നിരക്കിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വര്‍ധിക്കും. നേരത്തേയിത് 70 പൈസയായിരുന്നു. രാത്രിയാത്രക്ക് അധികം നിരക്ക് ഈടാക്കണമെന്ന ശിപാര്‍ശയും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. രാത്രിയില്‍ മിനിമം ചാര്‍ജ് 14 രൂപയാക്കണമെന്ന് ശിപാര്‍ശ. മിനിമം നിരക്ക് 12 രൂപയും വിദ്യാർഥി കൺസെഷൻ ഏഴ് രൂപയുമാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും നിരക്ക് വര്‍ധന സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുക. സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചാൽ സ്വാഭാവികമായും കെ എസ് ആർ ടി സി നിരക്കും വർധിക്കും.
ഡീസലിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വില വര്‍ധന, കൊവിഡ് പ്രതിസന്ധി അടക്കമുള്ള പ്രതികൂല ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകള്‍ മാസങ്ങളായി നിരക്ക് വര്‍ധന ആവശ്യപ്പെടുന്നുണ്ട്. ഇതിനായി സമരവും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്.