Kerala
കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ് മറിഞ്ഞു; 40 പേര്‍ക്ക് പരുക്ക്
ബസിന്റെ മുന്‍ഭാഗം ഊരിത്തെറിച്ച നിലയിൽ, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് | കോഴിക്കോട് നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. അരയിടത്തുപാലത്തിന് സമീപം ഗോഗുലം മാളിന് മുൻവശത്ത് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇതേതുടർന്ന് നായനാർ മേൽപ്പാലം വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. നഗരത്തിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ആകെ 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ട് പേർ കുട്ടികളാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ എട്ട് പേരെ മെഡിക്കല്‍ കോഴിക്കോട് കോളജിലും മറ്റുള്ളവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ബസിന്റെ മുന്‍ഭാഗം തകർന്ന നിലയിലാണ്. ആളുകളെ മാറ്റിയ ശേഷം ക്രെയിൽ ഉപയോഗിച്ച് ബസ് ഉയർത്തി. വേഗതയിലായിരുന്നു ബസെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈകുന്നേരമായതിനാൽ നഗരത്തിലെ തിരക്കിനെ തുടർന്ന് ബസ് എത്രയും പെട്ടെന്ന് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.