bus strike
കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
മഴ മാറിനിന്നാല്‍ അറ്റകുറ്റപ്പണി നടത്തും
കോഴിക്കോട് | കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബി എം എസ് യൂണിയന്‍ വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. കലക്ടറുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയിലാണ് ബസ് സമരം പിന്‍വലിച്ചത്.
കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ അത്തോളി മുതല്‍ ഉള്ളിയേരി വരെയുള്ള റോഡില്‍ രൂപപ്പെട്ട കുഴികള്‍ മഴ മാറി നിന്നാല്‍ ഉടന്‍ പരിഹരിക്കാം എന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ഹെവി വാഹനങ്ങള്‍ കടന്നുപോകുന്നത് നിയന്ത്രിക്കാനും തീരുമാനമായി. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഹോം ഗാര്‍ഡിനെ വെക്കാമെന്നും കലക്ടര്‍ അറിയിച്ചു. ദേവദാസ്, ഷൈന്‍ പയ്യപ്പള്ളി, നിദാന്ത്, ടി കെ ബീരാന്‍കോയ, റിനീഷ് എടത്തിയില്‍, എം എസ് സാജു, ബേനസീര്‍, റിയാസ്, അബ്ദുല്‍ സത്താര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലയിലെ അഞ്ചു പ്രധാന റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ 2.91 കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ കീഴിലുള്ള റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. മാവൂര്‍- എന്‍ ഐ ടി – കൊടുവള്ളി റോഡിന് 2.25കോടി, വടകര – വില്യാപ്പള്ളി റോഡിന് 25 ലക്ഷം, പുതിയങ്ങാടി-പുറക്കാട്ടിരി – അത്തോളി-ഉള്ള്യേരി റോഡിന് ആറ് ലക്ഷം, മലയോര ഹൈവേയില്‍ തൊട്ടില്‍പ്പാലം മുതല്‍ മുള്ളന്‍കുന്ന് വരെയുള്ള റോഡിന് 25 ലക്ഷം, പരപ്പന്‍പൊയില്‍ – കാരക്കുന്നത്ത് റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.