Kerala
സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
പണിമുടക്ക് അറിയാതെ റെയില്‍വെ സ്റ്റേഷനുകളിലും മറ്റും ട്രെയിനിലെത്തിയ യാത്രക്കാര്‍ കുടുങ്ങി
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. സീറ്റ് ബെല്‍റ്റ്, ക്യാമറ, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്ക് അറിയാതെ റെയില്‍വെ സ്റ്റേഷനുകളിലും മറ്റും ട്രെയിനിലെത്തിയ യാത്രക്കാര്‍ കുടുങ്ങി. ഇവര്‍ക്ക് ഓട്ടോ അടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. വിദ്യാര്‍ഥികളടക്കമുള്ള നിരവധി സാധാരണ യാത്രക്കാരെ പണിമുടക്ക് ഏറെ വലഞ്ഞു.
ബസുടമകള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ആരോപണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകള്‍.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നതാണ് ബസുടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെ എടുത്തതാണെന്നും സംയുക്ത സമരസമിതി ഉന്നയിക്കുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി 140 കി.മീ അധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
പണിമുടക്കിനെ നേരിടാന്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നവംബര്‍ മൂന്നിലേക്ക് മാറ്റി