Kerala
ശബരിമല സീസണില്‍ സ്വകാര്യ ബസുകള്‍ സമര്‍ദ്ദ തന്ത്രം സ്വീകരിക്കുന്നു; ക്യാമറയിലും സീറ്റ് ബെല്‍റ്റിലും പിന്നോട്ടില്ല: മന്ത്രി ആന്റണി രാജു
ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണ്
തിരുവനന്തപുരം | സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ശബരിമല സീസണില്‍ സമര്‍ദ്ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടാന്‍ സ്വകാര്യ ബസുടമകള്‍ ശ്രമിക്കരുതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് കെ എസ് ആര്‍ ടി സി ബസുകളില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്നും മന്ത്രി ആവര്‍ത്തിച്ചു.
സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണ്. ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണ്. ഇതിന്റെ ഗുണം ബസിലെ ജീവനക്കാര്‍ക്ക് തന്നെയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന ഒരു സാമൂഹിക പ്രശ്‌നമാണ് . ഈ വിഷയത്തില്‍ പഠനം നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
ബസ് ജീവനക്കാരെ കേസുകളില്‍ പ്രതികളാക്കുന്നത് തടയാനും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകള്‍ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നല്‍കിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
അതേ സമയം സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ ഇന്ന് അര്‍ധരാത്രി വരെ പണിമുടക്ക് സമരത്തിലാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.