Connect with us

Kerala

മരുന്ന് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാമെന്ന് സ്വകാര്യ കമ്പനി; എസ് എം എ ബാധിതയായ സെബയ്ക്ക് ആശ്വാസം

സെബയുടെ ഹരജി സുപ്രീം കോടതി പരിഗണിക്കവേയാണ് ROCHE എന്ന കമ്പനി ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | അപൂര്‍വരോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിതയായ സെബയ്ക്ക് ആശ്വാസമായി സ്വകാര്യ മരുന്ന് കമ്പനിയുടെ തീരുമാനം. അസുഖത്തിനുള്ള കോടികള്‍ വിലവരുന്ന മരുന്ന് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കും. സെബയുടെ ഹരജി സുപ്രീം കോടതി പരിഗണിക്കവേയാണ് ROCHE എന്ന കമ്പനി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള അനുവാദം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നല്‍കി.

സെബയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി മരുന്ന് നല്‍കണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീലാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. എസ് എം എ രോഗബാധിതര്‍ക്കുള്ള സഹായവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി മറ്റൊരു ബഞ്ചിലേക്ക് വിടുകയും ചെയ്തു.

സെബ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നേരത്തെ നിലപാട് തേടിയിരുന്നു. രോഗബാധിതരായവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും പല തവണ ആവശ്യപ്പെട്ടെങ്കിലും ചികിത്സയ്ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തില്‍ അനൂകൂല തീരുമാനമെടുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്ത് ആകെ 20,000ത്തോളം എസ് എം എ രോഗബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ചികിത്സയ്ക്കായി മരുന്ന് ലഭിക്കാന്‍ വലിയ തുകയാണ് ഈ കുടുംബങ്ങള്‍ക്ക് കണ്ടെത്തേണ്ടി വരുന്നത്.

 

Latest