Connect with us

Kerala

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ഇന്ന് നിയമസഭയ്ക്ക് ശേഷം ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കരട് ബില്ലിലെ വിശദാംശങ്ങള്‍ സിപിഐ മന്ത്രിമാരെ ബോധ്യപ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം \  സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന്‍ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. ബില്ലില്‍ ആശങ്കയറിയിച്ച സിപിഐ മന്ത്രിമാരുമായി ഇന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു ചര്‍ച്ച നടത്തും.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ക്യാബിനറ്റില്‍ തന്നെ ചര്‍ച്ചക്ക് വന്നിരുന്നെങ്കിലും പി പ്രസാദ് ഉള്‍പ്പെടെയുള്ള സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിരിച്ചിരുന്നു. വിഷയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി ആര്‍ ബിന്ദു മന്ത്രി പി പ്രസാദുമായും മന്ത്രി കെ രാജനുമായും ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്.

 

ഇന്ന് നിയമസഭയ്ക്ക് ശേഷം ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കരട് ബില്ലിലെ വിശദാംശങ്ങള്‍ സിപിഐ മന്ത്രിമാരെ ബോധ്യപ്പെടുത്തും. ബില്ല് സഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംവരണം 50 ശതമാനമാക്കണമെന്നാണ് സിപിഐ നിലപാട്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് സിപിഎം പറയുന്നത്.

 

Latest