Connect with us

railway privatisation

സ്വകാര്യവത്കരണത്തിന് വേഗതയേറുന്നു; റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ അടച്ചുപൂട്ടി

കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം കോർപറേഷൻ അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കിയത്

Published

|

Last Updated

പാലക്കാട് | സ്വകാര്യവത്കരണത്തിന് വേഗത കൂട്ടി ജോയിന്റ് വെഞ്ച്വർ കമ്പനിയായ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് അടച്ചൂപൂട്ടി. റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾ, പ്ലാറ്റ് ഫോം നവീകരിക്കൽ, പുതിയ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ നിർമിച്ച് ട്രെയിൻ യാത്രാ നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് 1956ൽ റെയിൽവേ മന്ത്രാലയത്തിന് കീഴിൽ കോർപറേഷൻ പ്രവർത്തനം തുടങ്ങിയത്.

കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം കോർപറേഷൻ അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കിയത്.

കമ്പനി ഏറ്റെടുത്ത നിലവിലെ എല്ലാ കരാറുകളും അതാത് സോൺതല ഡിവിഷനുകളിൽ നൽകണമെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇനി മുതൽ എല്ലാ റെയിൽവേ സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനവും നവീകരണവും സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനാണ് റെയിൽവേയുടെ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിലാണ് കോർപറേഷൻ അടച്ചുപൂട്ടിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സ്വകാര്യവത്കരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഉൾപ്പെടെ വെട്ടിച്ചുരുക്കി വരികയാണ്. കോർപറേഷന് കീഴിൽ പ്രവർത്തിച്ച് വരുന്ന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടില്ലെന്നും മറ്റു ജോലികളിലേക്ക് നിയമിക്കുമെന്നും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ജീവനക്കാർ ആശങ്കയിലാണ്.

അതേസമയം, രാജ്യത്തെ റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾ നിലവിലെ സാഹചര്യത്തിൽ വൻ സാമ്പത്തിക ബാധ്യതയുള്ളതിനാൽ റെയിൽവേക്ക് കഴിയാത്തത് കൊണ്ടാണ് കമ്പനി പിരിച്ചുവിട്ടതെന്നും സ്വകാര്യ പങ്കാളിത്തത്തോടെ വികസന പ്രവർത്തനം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് റെയിൽവേ അധികൃതരുടെ വാദം. ദക്ഷിണ റെയിൽവേയിലടക്കം രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ കമ്പനിക്ക് നൽകിയ നിർമാണ ചുമതല സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റെയിൽവേയെ പൂർണമായി സ്വകാര്യ മേഖലക്ക് തീറെഴുതുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നില്ലെങ്കിൽ സാധാരണക്കാർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാതാകുമെന്നും റെയിൽവേ തൊഴിലാളി സംഘടനകൾ പറഞ്ഞു.

Latest