Connect with us

drinking water privatization

സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു

പദ്ധതിക്കെതിരെ സർക്കാർ അനുകൂല സംഘടനകളുൾപ്പെടെ രംഗത്തെത്തി.

Published

|

Last Updated

തിരുവനന്തപുരം | കുടിവെള്ള വിതരണം സ്വകാര്യ മേഖലയിലേക്ക്. ജല അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എ ഡി ബിയുടെ സഹായത്തോടെയുള്ള പദ്ധതി കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന പേരിലാണ് നടപ്പാക്കുന്നത്. ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കിയും പദ്ധതി നടപ്പാക്കാൻ എ ഡി ബി വായ്പ നൽകും. വാട്ടർ അതോറിറ്റിയുടെ നഷ്ടം കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തത്ത്വത്തിൽ ധാരണ

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യ കമ്പനിക്ക് കൈമാറാൻ തത്ത്വത്തിൽ ധാരണയായെന്നാണ് റിപോർട്ട്. എ ഡി ബിയുടെ പ്രതിനിധികൾ, വാട്ടർ അതോറിറ്റി ടെക്‌നിക്കൽ മെമ്പർ, സെൻട്രൽ സോൺ ചീഫ് എൻജിനീയർ, മറ്റ് മുതിർന്ന എൻജിനീയർമാർ തുടങ്ങിയവർ അടുത്തിടെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ധാരണയിലെത്തിയത്. ഇതോടൊപ്പം കൺസൾട്ടൻസി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്പനികളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.

ചെലവ് 2,511 കോടി

എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തൽ, ആലുവ, അരുവിക്കര പ്ലാന്റുകൾ നവീകരിക്കൽ തുടങ്ങി നാല് പാക്കേജുകൾക്ക് 2,511 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1,757 കോടി എ ഡി ബി വിഹിതവും 753 കോടി (പദ്ധതിത്തുകയുടെ 70 ശതമാനം എ ഡി ബിയും 30 ശതമാനം സംസ്ഥാന സർക്കാറും) സർക്കാർ വിഹിതവുമാണ്. 2016ലാണ് പദ്ധതി സംബന്ധിച്ച് ആലോചന തുടങ്ങിയത്. 2017ൽ എ ഡി ബിയുമായി ധാരണയിലെത്തി. 2018ൽ കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകുകയായിരുന്നു.

പദ്ധതി പത്ത് വർഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനാണ് നീക്കം. ഇക്കാലയളവിനുള്ളിൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം 20 ശതമാനമാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈലറ്റ് പ്രോജക്ടായി കൊച്ചിയിലായിരിക്കും നടപ്പാക്കുക. കൊച്ചി കോർപറേഷനെ ഒമ്പത് സോണുകളാക്കി തിരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് 1,045 കോടി യാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വിമർശം

പദ്ധതിക്കെതിരെ സർക്കാർ അനുകൂല സംഘടനകളുൾപ്പെടെ രംഗത്തെത്തി. കരാർ വിവരങ്ങൾ പുറത്തുവിടാതെ രഹസ്യ സ്വഭാവം സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഡി പി ആർ തയ്യാറാക്കിയപ്പോൾ ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതും നിരക്ക് വർധന വരുത്തിയതും ഇതിന് മുന്നോടിയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.

Latest