National
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേട്, വീണ്ടും മത്സരിക്കുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും ; ആനി രാജ
സിപിഐയില്‍ 45 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകളെ അംഗീകരിക്കാന്‍ ചില പുരുഷന്മാര്‍ക്ക് കഴിയുന്നില്ല.
ന്യൂഡല്‍ഹി | വയനാട്ടില്‍ ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് ആനി രാജ. അതേസമയം പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേടെന്നും ആനിരാജ പറഞ്ഞു.
പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുമെന്നത് രാഹുല്‍ ഗാന്ധി പെട്ടന്ന് എടുത്ത തീരുമാനമല്ലെന്നും ജനങ്ങളോട് ഇക്കാര്യം നേരത്തെ പറയേണ്ടതായിരുന്നെന്നും ആനി രാജ പറഞ്ഞു. ഇന്നുവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാത്ത ഭൂരിപക്ഷം നല്‍കിയാണ് വയനാട് രാഹുലിനെ ജയിപ്പിച്ചു വിട്ടത്. ഇപ്പോള്‍ ചെയ്യുന്നത് അവരോടുള്ള നീതികേടാണെന്നും ആനിരാജ പറഞ്ഞു.
സിപിഐ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല താന്‍ വയനാട്ടില്‍ മത്സരിച്ചത്. താന്‍ നേതാവായിരിക്കുമ്പോഴാണ് ഡി രാജയുമായി ഒരു കുടുംബമാകാന്‍ തീരുമാനിച്ചത്. സിപിഐയില്‍ 45 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകളെ അംഗീകരിക്കാന്‍ ചില പുരുഷന്മാര്‍ക്ക് കഴിയുന്നില്ലെന്നും ആനിരാജ പറഞ്ഞു.കെസി വേണുപോലിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
പ്രിയങ്കക്കെതിരേയും മത്സരിക്കുമോയെന്ന ചോദ്യത്തോട്, തീരുമാനം പാര്‍ട്ടിയുടേതാണെന്നായിരുന്നു ആനി രാജയുടെ പ്രതികരണം. അതേസമയം കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും തന്റെ പ്രവര്‍ത്തനമേഖല കേരളമല്ലെന്നും അതിനാല്‍ കേരളത്തിലെ തിരിച്ചടിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആനി രാജ പറഞ്ഞു.