Kerala
പ്രിയങ്കാഗാന്ധി അമിത്ഷായുടെ മെഗഫോണ്‍; ആരോപണവുമായി ഡോ.തോമസ് ഐസക്
കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ ബി ജെ പിക്കൊപ്പം ചേര്‍ന്ന് കേരളത്തെ കുറ്റപ്പെടുത്തുകയാണ് പ്രിയങ്ക
ആലപ്പുഴ | പ്രിയങ്കാഗാന്ധി അമിത്ഷായുടെ മെഗഫോണോ എന്ന ചോദ്യവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ ബി ജെ പിക്കൊപ്പം ചേര്‍ന്ന് കേരളത്തെ കുറ്റപ്പെടുത്തുകയാണ് പ്രിയങ്ക എന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂണിയന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനെ വിമര്‍ശിക്കാനല്ല പ്രിയങ്ക തയ്യാറാവുന്നത്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ അമിത് ഷാ പറഞ്ഞത് ആവര്‍ത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സിന്റെ ഉള്ളിലെ രാഷ്ട്രീയം എന്താണെന്ന് വിളിച്ചോതുന്നതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും കേരളം മൂന്നു മാസം കഴിഞ്ഞ് നവം 13 നാണ് രേഖകള്‍ നല്‍കിയത് എന്നാണ് അമിത് ഷാ പറയുന്നത്. അദ്ദേഹം പച്ചക്കള്ളമാണ് എഴുന്നള്ളിച്ചിട്ടുള്ളത് എന്ന് പ്രിയങ്കയ്ക്ക് അറിയില്ലേ? ഇല്ലെങ്കില്‍ അത് പരിശോധിക്കുകപോലും ചെയ്യാതെ അമിത് ഷായുടെ വാചകം എടുത്ത് വിഴുങ്ങുകയാണോ ചെയ്യുന്നത്? ഇതെവിടുത്തെ രാഷ്ട്രീയമാണ്? സംഘപരിവാറിന്റെ മെഗാഫോണായി പ്രവര്‍ത്തിക്കാനാണോ പ്രിയങ്ക വയനാടിന്റെ ജനപ്രതിനിധി ആയത് എന്നും അദ്ദേഹം ചോദിക്കുന്നു.
ആഗസ്റ്റ് 8, 9 , 10 തിയതികളിലായി കേന്ദ്ര മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം കഴിഞ്ഞയുടന്‍ കേരളം ആവശ്യങ്ങളുടെ കരട് സമര്‍പ്പിച്ചിരുന്നു. ആഗസ്റ്റ് 17 ന് വിശദമായ മെമ്മോറാണ്ടവും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: വയനാട് എംപി പ്രിയങ്ക വദ്രയുടെ രംഗപ്രവേശം ഗംഭീരമായി എന്ന് പറയാതിരിക്കാനാവില്ല. എംപി ആയി വയനാട്ടില്‍ വന്ന ആദ്യദിവസം തന്നെ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ ബിജെപിക്കൊപ്പം ചേര്‍ന്ന് കേരളത്തെ കുറ്റപ്പെടുത്തുകയാണവര്‍. തെരഞ്ഞെടുപ്പ് സമയത്തെ വാഗ്വാദങ്ങള്‍ പോലെയല്ലല്ലോ അതുകഴിഞ്ഞ് ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായിക്കഴിഞ്ഞുള്ള വര്‍ത്തമാനം.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂണിയന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനെ വിമര്‍ശിക്കാനല്ല, ഇടതുപക്ഷ സര്‍ക്കാരിനെതിരെ അമിത് ഷാ പറഞ്ഞത് ആവര്‍ത്തിക്കാനാണ് സമയം കണ്ടെത്തിയത്. കോണ്‍ഗ്രസ്സിന്റെ ഉള്ളിലെ രാഷ്ട്രീയം എന്താണെന്ന് ഇത് വിളിച്ചോതുന്നുണ്ട്.
മുഖ്യമന്ത്രി വിളിച്ച കേരളത്തിലെ എം. പി മാരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഒന്നിച്ച് ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട് സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചത്. അതിനോടുള്ള പ്രതികരണമായി അമിത്ഷാ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞത് പ്രിയങ്ക സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും കേരളം 3 മാസം കഴിഞ്ഞ് നവം 13 നാണ് രേഖകള്‍ നല്‍കിയത് എന്നാണ് അമിത് ഷാ പറയുന്നത്. അദ്ദേഹം പച്ചക്കള്ളമാണ് എഴുന്നള്ളിച്ചിട്ടുള്ളത് എന്ന് പ്രിയങ്കയ്ക്ക് അറിയില്ലേ? ഇല്ലെങ്കില്‍ അത് പരിശോധിക്കുകപോലും ചെയ്യാതെ അമിത് ഷായുടെ വാചകം എടുത്ത് വിഴുങ്ങുകയാണോ ചെയ്യുന്നത്? ഇതെവിടുത്തെ രാഷ്ട്രീയമാണ്? സംഘപരിവാറിന്റെ മെഗാഫോണായി പ്രവര്‍ത്തിക്കാനാണോ പ്രിയങ്ക വയനാടിന്റെ ജനപ്രതിനിധി ആയത്?
ആഗസ്റ്റ് 8, 9 , 10 തിയതികളിലായി കേന്ത്ര മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം കഴിഞ്ഞയുടന്‍ കേരളം ആവശ്യങ്ങളുടെ കരട് സമര്‍പ്പിച്ചിരുന്നു. ആഗസ്റ്റ് 17 ന് വിശദമായ മെമ്മോറാണ്ടവും യൂണിയന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇതില്‍ ടഉഞഎ മാനദണ്ഡങ്ങള്‍ പ്രകാരം അടിയന്തിരമായി 219. 23 കോടി രൂപ അധിക സഹായവും 2262 കോടി രൂപ പുനര്‍ നിര്‍മ്മാണ ചെലവും അഭ്യര്‍ത്ഥിച്ചിരുന്നു.
ഇക്കാര്യം യൂണിയന്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും അമിത്ഷാ കള്ളം പറയുന്നത് ബിജെപിയുടെ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാം. പ്രിയങ്ക അതുതന്നെ ആവര്‍ത്തിക്കുന്നത് അതേ രാഷ്ട്രീയ നിലപാട് പിന്‍പറ്റുന്നതുകൊണ്ട് തന്നെയല്ലേ?