Kerala
കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; ദുഃഖം രേഖപ്പെടുത്തി പ്രിയങ്കാ ഗാന്ധി എം പി
'വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.'
മലപ്പുറം | വയനാട് മാനന്തവാടി പഞ്ചാര കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വയനാട് എം പി. പ്രിയങ്കാ ഗാന്ധി. രാധയുടെ മരണത്തില്‍ കുടംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നതായി പ്രിയങ്ക പറഞ്ഞു.
‘കാപ്പി വിളവെടുപ്പിനിടെ ഒരാളെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.’- പ്രിയങ്ക പ്രതികരിച്ചു.
ഇന്ന് രാവിലെ പഞ്ചാരക്കൊല്ലിയിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവമുണ്ടായത്. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വനപ്രദേശത്ത് കാപ്പിക്കുരു പറിക്കാന്‍ പോയ രാധയെന്ന സ്ത്രീയെ കടുവ കടിച്ചു കൊല്ലുകയായിരുന്നു. വനംവകുപ്പ് താത്ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.