Connect with us

National

മനസ്സാക്ഷിയുള്ളവരെല്ലാം ഫലസ്തീനികളുടെ വംശഹത്യ തിരിച്ചറിയുന്നുവെന്ന് പ്രിയങ്ക ഗാന്ധി

സങ്കല്‍പ്പിക്കാനാകാത്ത കഷ്ടപ്പാടുകള്‍ ഫലസ്തീന്‍ ജനത സഹിച്ചിട്ടും അവരുടെ ആത്മാവ് ഉറച്ചതും അചഞ്ചലവുമായി തുടരുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ കനത്ത ബോംബാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചും അപലപിച്ചും കോണ്‍ഗ്രസ്സ് എം പി പ്രിയങ്ക ഗാന്ധി. ഇസ്‌റാഈലികള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മനസ്സാക്ഷിയുള്ളവരെല്ലാം ഫലസ്തീനികളുടെ വംശഹത്യ തിരിച്ചറിയുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കുറിച്ചു. ‘ക്രൂരമായ കൊലപാതകം എന്നാണ് ഇന്നലെ നടന്ന ബോംബ് വര്‍ഷത്തെക്കുറിച്ച് അവര്‍ എക്സില്‍ പങ്കുവെച്ചത്.

130 കുട്ടികള്‍ ഉള്‍പ്പെടെ 400ലധികം നിരപരാധികളായ സാധാരണക്കാരെയാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. മനുഷ്യത്വത്തിന് ഒരു വിലയുമില്ലെന്നാണ് അവര്‍ തെളിയിക്കുന്നതെന്നും പ്രിയങ്കയുടെ കുറിപ്പില്‍ പറയുന്നു. ഇസ്‌റാഈലിന്റെ പ്രവൃത്തികള്‍ അവരുടെ സഹജമായ ബലഹീനതയും സത്യത്തെ നേരിടാനുള്ള കഴിവില്ലായ്മയുമാണ് പ്രതിഫലിപ്പിക്കുന്നത്. പാശ്ചാത്യ ശക്തികള്‍ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും, ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യയില്‍ അവരുടെ ഗൂഢാലോചന അംഗീകരിക്കാന്‍ തീരുമാനിച്ചാലും ഇല്ലെങ്കിലും, മനസ്സാക്ഷിയുള്ള ലോകത്തിലെ എല്ലാ പൗരന്മാരും (നിരവധി ഇസ്രായേലികള്‍ ഉള്‍പ്പെടെ) വംശഹത്യ അറിയുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

ഇസ്‌റാഈല്‍ ഭരണകൂടം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്തോറും അവര്‍ യഥാര്‍ഥത്തില്‍ ഭീരുക്കളാണെന്ന് കൂടുതല്‍ വെളിപ്പെടുകയാണ്. മറുവശത്ത്, ഫലസ്തീന്‍ ജനതയുടെ ധീരതയും വ്യക്തമാകുന്നു. സങ്കല്‍പ്പിക്കാനാകാത്ത കഷ്ടപ്പാടുകള്‍ ഫലസ്തീന്‍ ജനത സഹിച്ചിട്ടും അവരുടെ ആത്മാവ് ഉറച്ചതും അചഞ്ചലവുമായി തുടരുകയാണെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

 

Latest