Connect with us

Kerala

കന്നി അങ്കത്തിന് ഇറങ്ങി പ്രിയങ്ക ഗാന്ധി; വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

ബുധനാഴ്ച ഉച്ചക്ക് 1.45ഓടെയാണ് പ്രിയങ്ക ഗാന്ധി കൽപറ്റ കലക്ടറേറ്റിൽ എത്തി വരണാധികാരിയായ കലക്ടർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.

Published

|

Last Updated

കൽപറ്റ | ആയിരക്കണക്കിന് പ്രവർത്തകരുടെ ആവേശത്തിരക്കിടയിൽ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കൽപ്പറ്റ നഗരത്തെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോക്ക് ശേഷമായിരുന്നു പത്രികാ സമർപ്പണം.

ബുധനാഴ്ച ഉച്ചക്ക് 1.45ഓടെയാണ് പ്രിയങ്ക ഗാന്ധി കൽപറ്റ കലക്ടറേറ്റിൽ എത്തി വരണാധികാരിയായ കലക്ടർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൻ റൈഹാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. മൂന്ന് സെറ്റ് പത്രികകയാണ് പ്രിയങ്ക നൽകിയത്.

രാവിലെ 11 മണിക്ക് നിശ്ചയിച്ച റോഡ് ഷോ ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. റോഡ്ഷോയിലുടനീളം കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങിയ റോഡ് ഷോ കലക്ടറേറ്റിലേക്ക് നീങ്ങി. തുടർന്നായിരുന്നു പത്രികാ സമർപ്പണം.

ഇന്നലെയാണ് പ്രിയങ്കയും കുടുംബവും വയനാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച പ്രിയങ്ക ഗാന്ധി റോഡ് മാർഗമാണ് ബുധനാഴ്ച രാവിലെ കൽപറ്റയിലേക്ക് തിരിച്ചത്. സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജ് മൈതാനത്ത് ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ ഇറങ്ങിയ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടായിരുന്നു.

Latest