Kerala
പ്രിയങ്ക ഗാന്ധി നവംബര്‍ 30 ന് കേരളത്തിലെത്തും
രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായാണ് പ്രിയങ്ക എത്തുന്നത്.
ന്യൂഡല്‍ഹി| നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി നവംബര്‍ 30ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരുമെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഉരുള്‍പൊട്ടല്‍ ഇരകള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് നേതാക്കളുടെ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് സന്നദ്ധപ്രവര്‍ത്തകരാലും സംഘടനകളാലുമാണെന്നും സ്‌പോണ്‍സര്‍മാരുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.