From the print
പ്രോബ- മൂന്ന് വിക്ഷേപണം ഇന്ന്
ഐ എസ് ആര്‍ ഒ 2001ല്‍ വിക്ഷേപിച്ച പ്രോബ- ഒന്ന്, 2009ലെ പ്രോബ- രണ്ട് ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പ്രോബ- മൂന്ന്
ശ്രീഹരിക്കോട്ട | സൂര്യന്റെ ചൂടേറിയ കൊറോണ കവചത്തെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ എസ് എ) നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന ഐ എസ് ആർ ഒയുടെ പ്രോബ- മൂന്ന് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് നടക്കും.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് (പി എസ് എൽ വി) പ്രോബ- മൂന്നിനെ ബഹിരാകാശത്തെത്തിക്കുക. ഇന്ന് വൈകിട്ട് 4.08നാകും വിക്ഷേപണം.ഐ എസ് ആർ ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എൻ എസ് ഐ എൽ) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് ദൗത്യം നയിക്കുന്നത്.
സൂര്യാന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യ ഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ഇരട്ട കൃത്രിമ ഉപഗ്രഹങ്ങളുടെ (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ലക്ഷ്യം. ഈ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്.
നിശ്ചിത ഉയരത്തില്‍ ഒന്നിനു മുന്നില്‍ മറ്റൊന്നെന്ന തരത്തിൽ വിന്യസിക്കപ്പെടുന്ന ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കും. സൂര്യഗ്രഹണ സമയത്ത് മാത്രമേ സൗരയൂഥത്തിലെ കൊറോണയെ കുറിച്ച് പഠിക്കാനാകൂ എന്നിരിക്കെയാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നത്.
ഐ എസ് ആര്‍ ഒ 2001ല്‍ വിക്ഷേപിച്ച പ്രോബ- ഒന്ന്, 2009ലെ പ്രോബ- രണ്ട് ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പ്രോബ- മൂന്ന്. രണ്ട് വര്‍ഷം കാലാവധി കണക്കാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് പ്രകീക്ഷിക്കുന്നത് 1,680 കോടി രൂപയാണ്.