Connect with us

National

സഞ്ജയ് സിംഗിനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കൂ; കേന്ദ്രത്തിനെതിരെ കെജ്രിവാള്‍

ബിജെപി ആരോപിക്കുന്ന മദ്യനയ അഴിമതിക്കേസ് വ്യാജമാണ്. മാസങ്ങളായി നടക്കുന്ന അന്വേഷത്തിന്റെ ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കെജ്രിവാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ 5 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഇഡിയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സഞ്ജയ് സിംഗിനെതിരെ അന്വേഷണ ഏജന്‍സിയുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് കെജ്രിവാള്‍ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ആരോപിക്കുന്ന ഈ മദ്യനയ അഴിമതിക്കേസ് വ്യാജമാണെന്നും മാസങ്ങളായി നടക്കുന്ന അന്വേഷത്തിന്റെ ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.

മുന്‍പ് ക്ലാസ് മുറികളുടെ നിര്‍മ്മാണം, വൈദ്യുതി, റോഡ് നിര്‍മാണം, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ചിരുന്നു. അന്വേഷണവും നടന്നു. എന്നാല്‍ ഒരു അഴിമതിയും ഇവര്‍ക്ക് കണ്ടെത്താനായില്ല. ആ അവസരത്തിലാണ് മദ്യംനയ അഴിമതി ആരോപിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികളുടെ സഹായത്തോടെ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ബിസിനസ്, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ രാജ്യത്തിന് പുരോഗതി പ്രാപിക്കാന്‍ കഴിയില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest