Connect with us

National

പ്രഫ. ജി എന്‍ സായിബാബ: ഓര്‍മയാകുന്നത് മനുഷ്യാവകാശ പോരാട്ടത്തിന്റെ പ്രതീകം

2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്ത നാക്കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | മാവോവാദി ബന്ധം ആരോപിച്ച് 10 വര്‍ഷം ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫസര്‍ ജി എന്‍ സായിബാബയുടെ മരണത്തോടെ രാജ്യത്തെ മനുഷ്യാവകാശ പോരാട്ടത്തിന്റെ നായകനാണ് ഓര്‍മയാവുന്നത്.

ഭരണകൂട ഭീകരതയുടെ ഇരയായി കരുതുന്ന അദ്ദേഹം ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 2014 മുതല്‍ ഒരു പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്ത നാക്കിയിരുന്നു. യു എ പി എ കേസില്‍ കുറ്റവിമുക്തനാക്കി ഏഴാം മാസമാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ാ്രഫസര്‍ ജി എന്‍ സായിബാബ കഴിഞ്ഞ മാര്‍ച്ചിലാണ് ജയില്‍മോചിതനായത്.

സുധീര്‍ഘമായ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബയടക്കം ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിട്ടത്. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സായിബാബ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. കേസില്‍ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവില്‍ മരിച്ചിരുന്നു. 2022 ല്‍ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വീണ്ടും വാദം കെട്ടാണ് സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്.

വിധി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. പ്രഫ. ജി എന്‍ സായിബാബ ചക്രക്കസാരയിലിരുന്നു മനുഷ്യാവകാശ പോരാട്ടത്തിന്റെ പ്രതീകമായിമാറി. നിരപരാധികളെ യു എ പി എ ചുമത്തി ജയിലിലിടുന്ന ഭരണകൂട ഭീകരതക്കെതിരെ ലോക ശ്രദ്ധ നേടുന്നതില്‍ അദ്ദേഹത്തിന്റെ പോരാട്ടം സുപ്രധാന പങ്കു വഹിച്ചു.