National
പ്രോഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ
വിധിയില്‍ വിശദമായ പരിധോധന വേണമെന്നും കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി | മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.വിധിയില്‍ വിശദമായ പരിധോധന വേണമെന്നും കോടതി വ്യക്തമാക്കി. സായിബാബയേയും കൂട്ടുപ്രതികളേയും ജയില്‍ മോചിതരാക്കാനുള്ള വിധിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. . ജസ്റ്റിസ് എം ആര്‍ ഷായും ജസ്റ്റിസ് ബേല എം ത്രിവേദിയുമാണ് അപ്പീല്‍ പരിഗണിച്ചത്.
മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ചാണ് സായിബാബയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തെ ഉടന്‍ ജയിലില്‍ നിന്ന് മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2017ലെ ഉത്തരവ് ചോദ്യം ചെയ്ത് സായിബാബ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു.
ശാരീരിക അവശതയെ തുടര്‍ന്ന് വീല്‍ചെയറിലായ സായിബാബ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു. മറ്റേതെങ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ അവരെ ജയില്‍ മോചിതരാക്കണമെന്നും ബോംബ കോടതി ഉത്തരവിട്ടിരുന്നു.