Qatar World Cup 2022
കളിക്ക് പിന്നിലെ ലാഭക്കളികള്‍
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖത്വറിനെ അന്താരാഷ്ട്ര ടൂറിസത്തിന്റെയും ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെയും പ്രധാന കേന്ദ്രമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഗ്ലോബല്‍ ഡാറ്റയുടെ കണക്ക് പ്രകാരം 2022ല്‍ ഖത്വര്‍ സമ്പദ് വ്യവസ്ഥ 4.6 ശതമാനം വേഗതയില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫുട്‌ബോള്‍ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് ഖത്വര്‍ സാക്ഷ്യം വഹിക്കുകയാണ്. ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ മിഡില്‍ ഈസ്റ്റ് രാഷ്ട്രം, ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ലോകകപ്പ് എന്നിവയിലൂടെ ഖത്വര്‍ ഖ്യാതി നേടിയിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖത്വറിനെ അന്താരാഷ്ട്ര ടൂറിസത്തിന്റെയും ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെയും പ്രധാന കേന്ദ്രമായി ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് സ്വാഭാവികമായും, രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഗ്ലോബല്‍ ഡാറ്റയുടെ കണക്ക് പ്രകാരം 2022ല്‍ ഖത്വര്‍ സമ്പദ് വ്യവസ്ഥ 4.6 ശതമാനം വേഗതയില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിഫയുടെ സാമ്പത്തികശാസ്ത്രം
ലോക ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും അതിന്റെ മേല്‍നോട്ടം വഹിക്കുന്നതിനുമായി 1904ല്‍ രൂപവത്കരിച്ച സംഘടനയാണ് ഫെഡറേഷന്‍ ഇന്റര്‍നാഷനല്‍ ഡി ഫുട്‌ബോള്‍ അസ്സോസിയേഷന്‍ അഥവാ ഫിഫ. ബില്യണ്‍ കണക്കിന് ഡോളറുകളാണ് ഓരോ ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെയും ഫിഫ സമ്പാദിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ലോകകപ്പില്‍ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ ഏകദേശം 95 ശതമാനവും സ്വന്തമാക്കുന്നത് ഫിഫയാണ്. ടെലിവിഷന്‍ സംപ്രേക്ഷണത്തിനുള്ള അനുമതി നല്‍കുന്നതിലൂടെയും പരസ്യങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുമൊക്കെയായി വമ്പന്‍ ലാഭം കൊയ്യുന്നുണ്ട് ഫിഫ. തരതമ്യേന സംഘടനയുടെ ചെലവുകള്‍ വളരെ കുറവാണ്. വിജയികളായ രാഷ്ട്രങ്ങള്‍ക്കുള്ള സമ്മാനത്തുക നല്‍കുന്നതുള്‍പ്പെടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനും അതിന്റെ നടത്തിപ്പിനും വരുന്ന ചെലവുകള്‍ മാത്രമാണ് സംഘടനക്കുള്ളത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളും മറ്റു വികസന പ്രവര്‍ത്തനങ്ങളും ഉറപ്പ് വരുത്തേണ്ടത് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ ചുമതലയില്‍ ഉള്‍പ്പെട്ടതാണ്.
2014ലെ ലോകകപ്പില്‍ നിന്ന് 4.8 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഫിഫ നേടിയിട്ടുള്ളത്. ഇതില്‍ ഏകദേശം 2.6 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കി. ടൂര്‍ണമെന്റിന്റെ പ്രക്ഷേപണത്തിലൂടെ മാത്രം 2.43 ബില്യണ്‍ ഡോളറോളം വരുമാനം നേടിയിട്ടുണ്ടത്രെ. അതേസമയം സ്‌പോണ്‍സര്‍ഷിപ് വഴിയും ടിക്കറ്റ് വില്‍പ്പനയിലൂടെയും യഥാക്രമം 1.6 ബില്യണ്‍ ഡോളറും 527 മില്യണ്‍ ഡോളറുമാണ് ഫിഫ സ്വന്തമാക്കിയത്. 2018ല്‍ ഏകദേശം ആറ് ബില്യണ്‍ ഡോളറിന്റെ വരുമാനം ഫിഫ നേടിയതായി വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 7.5 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഈ വര്‍ഷത്തെ ലോകകപ്പില്‍ നിന്ന് ഫിഫ പ്രതീക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ അതി ഭീമമായ ലാഭമാണ് ഫിഫ സമ്പാദിക്കുന്നത്.
ലോകകപ്പിന് വേദിയൊരുക്കുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി വിശേഷങ്ങള്‍ പരിശോധിക്കാം. ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ക്ക് ഭീമമായ ചെലവുണ്ടെങ്കില്‍ പോലും രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ ടൂര്‍ണമെന്റ് കാരണമാകുന്നുണ്ട്. ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്നു. ഇത് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ സമ്പന്നമാകാന്‍ ഹേതുവായി തീരും. പ്രധാനമായും ടൂറിസം, വിദേശ വ്യാപാരം, തൊഴിലവസരങ്ങള്‍, വികസന പദ്ധതികള്‍, വിദേശ നിക്ഷേപങ്ങള്‍ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാക്കുന്നു. എന്നാല്‍ ഈ അഭിവൃദ്ധിയുടെ വിലയിരുത്തലുകള്‍ക്ക് മുന്നോടിയായി ഈ സംവിധാനത്തിനു വേണ്ടി ചെലവഴിച്ച തുകയുടെ കണക്കുകള്‍ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. 2001 മുതല്‍ ഫിഫക്ക് അടിസ്ഥാന സൗകര്യങ്ങളുടെ വിഷയത്തില്‍ കര്‍ശനമായ നിബന്ധനകള്‍ ഉള്ളതിനാല്‍ ലോകകപ്പ് നടത്തുന്ന രാഷ്ട്രങ്ങള്‍ നിരവധി നിര്‍മാണ / സാങ്കേതിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെടേണ്ടതുണ്ട്. വിശേഷിച്ചും സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയങ്ങള്‍ തുടങ്ങി അടിസ്ഥാന / സാങ്കേതിക സൗകര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടത് ആത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭീമമായ ചെലവുകള്‍ ആവശ്യമാണല്ലോ? മുടക്കിയ ഈ തുക തിരിച്ച് ലഭിക്കുമെന്ന ഉറപ്പ് ആര്‍ക്കും പറയാന്‍ സാധിക്കില്ല. നിലവില്‍ പുറത്ത് വന്നിട്ടുള്ള റിപോര്‍ട്ട് പ്രകാരം ഏകദേശം 220 ബില്യണ്‍ ഡോളറാണ് 2022 ലോകകപ്പിനായി ഖത്വര്‍ ചെലവാക്കിയിട്ടുള്ളത്. 1990 മുതല്‍ 2018 വരെയുള്ള ലോകകപ്പില്‍ ആകെ ചെലവായത് 47.83 ബില്യണ്‍ ഡോളറാണ്. അതിന്റെ അഞ്ചിരട്ടിയോളമാണ് ഖത്വര്‍ ലോകകപ്പിനായി ചെലവഴിച്ചതെന്നര്‍ഥം. അതായത് കണക്ക് പ്രകാരം 40 ലോകകപ്പിനുള്ള തുകയാണ് ഒരു ലോകകപ്പിനായി ഖത്വര്‍ ചെലവഴിച്ചതെന്ന് പറയാം. 6.5 ബില്യണ്‍ ഡോളര്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് സ്റ്റേഡിയത്തിന് മാത്രം വന്നിട്ടുള്ള ചെലവ്. ശേഷിക്കുന്ന 210 ബില്യണ്‍ ഡോളര്‍ ഖത്വര്‍ 2030 പദ്ധതിയുമായി ബന്ധപ്പെട്ട അത്യാധുനിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിച്ചിട്ടുള്ളത്. റെയില്‍ നെറ്റ്‌വര്‍ക്ക്, മെട്രോ റെയില്‍, ഹോട്ടലുകള്‍, ലുസൈല്‍ സിറ്റി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ വലിയ പട്ടിക തന്നെ ഈ അടിസ്ഥാന സൗകര്യത്തില്‍ ഉള്‍പ്പെടുന്നതാണ്.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കണക്കാണ് ഖത്വറിന്റെ ജി ഡി പി. സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട കണക്ക് പ്രകാരം 2021ലെ ഖത്വറിന്റെ ജി ഡി പി 179 ബില്യണ്‍ ഡോളറാണ്. അഥവാ ഫിഫ ലോകകപ്പിനായി ഖത്വര്‍ ചെലവഴിച്ചിട്ടുള്ളത് സ്വന്തം രാഷ്ട്രത്തിന്റെ ജി ഡി പിയേക്കാള്‍ ഉയര്‍ന്ന തുകയാണെന്ന് ചുരുക്കം. ഖത്വറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 220 ബില്യണ്‍ മുടക്കി സംഘടിപ്പിക്കുന്ന ലോകകപ്പിലൂടെ 17 മുതല്‍ 20 ബില്യണ്‍ ഡോളറോളം ലാഭമുണ്ടാകുമെന്നാണ് ആ രാജ്യം പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഐ എം എഫിന്റെ കണക്ക് പ്രകാരം, ലോകകപ്പ് അവസാനിക്കുന്നതോടെ ഖത്വര്‍ സമ്പദ് വ്യവസ്ഥ 3.4 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നും കരുതുന്നു.
ഖത്വര്‍ സമ്പദ് വ്യവസ്ഥ
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്വര്‍ ലോക ശ്രദ്ധ നേടുകയാണ്. പ്രകൃതിവാതക ശേഖരത്തില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന ഖത്വര്‍ ഏറ്റവും മികച്ച എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം ഹൈഡ്രോകാര്‍ബണ്‍ വാതകത്തിന്റെ കയറ്റുമതിയാണ്. റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഖത്വറിന്റെ പ്രകൃതിവാതക വിതരണ രംഗം കൂടുതല്‍ ശക്തമാകാന്‍ കാരണമായി. 2027ഓടെ പ്രകൃതിവാതകത്തിന്റെ ഉത്പാദന ശേഷി 77 ദശലക്ഷം ടണ്ണില്‍ നിന്ന് 126 ദശലക്ഷം ടണ്ണായി ഉയര്‍ത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. തത്ഫലമായി ഖത്വറിന്റെ ജി ഡി പിയില്‍ വലിയ വളര്‍ച്ച സാധ്യമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഊര്‍ജ മേഖലയോടൊപ്പം തന്നെ മറ്റിതര മേഖലകളിലും ശ്രദ്ധ ചെലുത്തി തങ്ങളുടെ സമ്പദ് വ്യവസ്ഥയെ സുശക്തമായി വളര്‍ത്തിയെടുക്കുക എന്നതാണ് നിലവിലെ ഖത്വറിന്റെ ശ്രമം. ലോകകപ്പ് നടത്തുന്നതിന്റെ ഫലമായി ഖത്വര്‍ സമ്പദ് വ്യവസ്ഥ വിവിധ മേഖലകളിലായി പ്രതിവര്‍ഷം 3.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം അഥവാ എഫ് ഡി ഐ ഉയരാനും ലോകകപ്പ് സഹായകമാകുമെന്നും കരുതപ്പെടുന്നു.
ഖത്വറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍, വിട്ടുപോകാന്‍ പാടില്ലാത്ത ഒരു കഴിഞ്ഞ അധ്യായം ആ രാജ്യത്തിനുണ്ടെന്ന് സ്മരിക്കാതെവയ്യ. അത് 2017ല്‍ ഖത്വര്‍ നേരിട്ട നയതന്ത്ര ഉപരോധമാണ്. അഥവാ, 2017 ജൂണ്‍ മാസത്തില്‍, തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്ന പേരില്‍ സഊദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ ഖത്വറിനെതിരെ സാമ്പത്തിക നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തി. ഖത്വര്‍ ഡിപ്ലോമാറ്റിക് ക്രൈസിസ് എന്ന പേരിലാണ് അത് അറിയപ്പെട്ടത്. സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഖത്വറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു. തുടര്‍ന്ന് ഖത്വറിന്റെ വിമാനങ്ങളും കപ്പലുകളും വ്യോമ, സമുദ്ര പാത ഉപയോഗിക്കുന്നതും തടയപ്പെട്ടു. ഖത്വറിലേക്കുള്ള ഏക കര മാര്‍ഗം പോലും അടച്ചുകെട്ടി. മാലദീപ്, സെനഗല്‍, ജിബൂട്ടി തുടങ്ങിയ രാഷ്ട്രങ്ങളും ഖത്വറിനെതിരെ പിന്നീട് രംഗത്ത് വന്നു. ഇത്തരമൊരു നടപടി രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ അതി സാരമായി ബാധിച്ചു. പ്രധാനമായും വിദേശ നിക്ഷേപകര്‍ക്ക് രാഷ്ട്രത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതോടെ വിദേശ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു. 2017ല്‍ 0.99 ഉണ്ടായിരുന്ന വിദേശ നിക്ഷേപം 2020ല്‍ അഥവാ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ നെഗറ്റീവ് 2.49ലേക്ക് കൂപ്പ്കുത്തുകയാണ് ചെയ്തത്. ചുരുക്കി പറഞ്ഞാല്‍ വിദേശ നിക്ഷേപത്തിലെ ഇടിവ് രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഗൗരവതരമായി തന്നെ ബാധിച്ചു. തുടര്‍ പരിഹാര മാര്‍ഗമെന്നോണം ഖത്വര്‍ ഭരണകൂടം തങ്ങളുടെ വിദേശ നിക്ഷേപ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു. ഖത്വറില്‍ വിദേശ നിക്ഷേപകര്‍ക്ക് വിവിധ മേഖലകളിലായി ഉടമസ്ഥാവകാശം പരമാവധി 49 ശതമാനം മാത്രമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ അത് 2018ലെത്തുമ്പോള്‍ 100 ശതമാനം വരെ അനുവദിക്കുന്ന തരത്തില്‍ നിയമം ഭേദഗതി വരുത്തി. കൂടാതെ 2020ല്‍ പബ്ലിക് പ്രൈവറ്റ് ഓണര്‍ഷിപ്പ് വ്യവസ്ഥിതിയും ആവിഷ്‌കരിച്ചു. വാസ്തവത്തില്‍ അതൊന്നും തന്നെ കാര്യമായ പുരോഗതി നേടാന്‍ സഹായകമായി വര്‍ത്തിച്ചില്ല. എന്നാല്‍ 2022ലെ ലോകകപ്പ് വിദേശ നിക്ഷേപം ഉയരാന്‍ കാരണമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഖത്വര്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സിയുടെ റിപോര്‍ട്ട് പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് മാത്രം ഏകദേശം 71 ശതമാനം വിദേശ നിക്ഷേപങ്ങളാണ് ആകെ നടന്നിട്ടുള്ളത്. ഇതിനകം 19.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആ രാജ്യം നേടുകയുണ്ടായി.