Kerala
ആശുപത്രി ചുറ്റുവളപ്പിലെയും പരിസരത്തെയും പരിപാടികള്‍; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കരുത്.
തിരുവനന്തപുരം | ആശുപത്രി ചുറ്റുവളപ്പിനുള്ളിലും പരിസരത്തും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. പരിപാടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. നടത്തുന്ന പരിപാടികള്‍ രോഗീ സൗഹൃദമായിരിക്കണം. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കരുത്.
രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ യാതൊരു വിധത്തിലുള്ള പ്രയാസവുംം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികള്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.