Kerala
മന്ത്രിയുമായുള്ള ചര്‍ച്ചയിലെ പുരോഗതി; സമരത്തില്‍ അയവ് വരുത്താന്‍ തീരുമാനിച്ച് പി ജി ഡോക്ടര്‍മാര്‍
തിരുവനന്തപുരം | സമരത്തില്‍ അയവു വരുത്താന്‍ തീരുമാനിച്ച് പി ജി ഡോക്ടര്‍മാര്‍. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ പുരോഗതിയും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചുമാണിത്. എമര്‍ജന്‍സി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് പി ജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ജോലിയില്‍ പ്രവേശിക്കും.
അഞ്ച് ദിവസമാണ് എമര്‍ജന്‍സി ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് പി ജി ഡോക്ടര്‍മാര്‍ സമരം ചെയ്തത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സമരക്കാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പി ജി ഡോക്ടര്‍മാരുമായി ഇന്ന് ആരോഗ്യ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചര്‍ച്ച നടത്തും. ഉച്ച്ക്ക് പന്ത്രണ്ടിനാണ് ചര്‍ച്ച. അതിനിടെ, സമരത്തിലുള്ള പി ജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ല. സമരക്കാരുമായി ഇന്ന് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച തുടരും.