Connect with us

Articles

ജിന്ന് ഇറങ്ങാത്ത പുരോഗമന ശരീരങ്ങള്‍

കേരള മുസ്‌ലിം പരിസരത്ത് ജിന്നും പിശാചും ഇത്രമാത്രം ആലോചനാ വിഷയമായ ഒരു കാലമുണ്ടായിട്ടുണ്ടാകുമോ? ഒരര്‍ഥത്തില്‍ ജിന്നുകള്‍ പോലും തങ്ങളെ സ്വയം ഇത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മറഞ്ഞ വഴി, തെളിഞ്ഞ വഴി, ഭൗതികം, അഭൗതികം, കാര്യകാരണ ബന്ധം, ഖാദിറും ഹാളിറും തുടങ്ങി ഈ മനുഷ്യന്മാര്‍ നടത്തുന്ന ചര്‍വിതചര്‍വണം കേട്ട് എന്തൊക്കെയാകും ആ പാവങ്ങള്‍ ആലോചിക്കുന്നുണ്ടാകുക?

Published

|

Last Updated

‘ജിന്നും ഇന്‍സും അടക്കിയൊതുക്കി സുലൈമാന്‍ നബിയുല്ല, ജഗതലപതികള്‍ക്കധിപതിയായി’ വാണ കഥ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലുമുണ്ട്. എന്നാല്‍, ജിന്ന് വര്‍ഗം ഒരു ‘പുരോഗമന’ പ്രസ്ഥാനത്തെയൊന്നാകെ ‘വസ്വാസാക്കുക’യും അവയുടെ കോട്ടയില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാത്തവിധം വരിഞ്ഞുമുറുക്കുകയും ചെയ്യുന്ന കഥകളാണിപ്പോള്‍ ഇവിടെ കേട്ടുകൊണ്ടിരിക്കുന്നത്. എന്തിന് നന്മണ്ടയിലെ മോട്ടിവേറ്ററായ ചെറുപ്പക്കാരന് പോലും ജിന്ന് ബാധയേറ്റു. അദ്ദേഹം വളരെ ആവേശത്തില്‍; ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ലെന്ന് തുടങ്ങി അന്ധവിശ്വാസികള്‍ക്കെതിരെ സ്വതസിദ്ധമായ പുരോഗമനം പ്രസംഗിച്ചു. അടുത്ത ദിവസം അതാ വരുന്നു കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് മാപ്പും തിരുത്തും.

അല്ലെങ്കിലും അങ്ങനെയാണല്ലോ ടി പി അബ്ദുല്ലക്കോയ മദനി പ്രഖ്യാപിച്ചത്: ‘നേതൃത്വത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ആ തെറ്റ് നേതൃത്വത്തിന് വിടുക. പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ എത്തുമ്പോള്‍, റബ്ബേ ഈ നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അതിനെ പിന്തുണച്ചത്. ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഈ പണ്ഡിതന്മാരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത് എന്ന് നിങ്ങള്‍ പറയുക. അതേറ്റെടുക്കാന്‍ കേരള ജംഇയ്യത്തുല്‍ ഉലമ തയ്യാറായിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങള്‍ സംഘടനയെ അനുസരിക്കുക’- ഇപ്പറഞ്ഞതേ അന്‍സാര്‍ നന്മണ്ട ചെയ്തുള്ളൂ. നേതൃത്വത്തെ അംഗീകരിച്ചു. എന്നാല്‍, സംഗതി അവിടെ തീരുന്നോ? അതാ വരുന്നു അന്‍സാറിനെ തിരുത്തിയ ജംഇയ്യത്തുല്‍ ഉലമയെ തിരുത്താന്‍ ഹുസൈന്‍ മടവൂര്‍!

കേരള മുസ്ലിം പരിസരത്ത് ജിന്നും പിശാചും ഇത്രമാത്രം ആലോചനാ വിഷയമായ ഒരു കാലമുണ്ടായിട്ടുണ്ടാകുമോ? മെക് സെവനും മുനമ്പവും സിറിയയും ഗസ്സയുമൊക്കെയായി നൂറുനൂറായിരം വിഷയങ്ങള്‍ പൊടിപൊടിക്കുമ്പോഴും കുതര്‍ക്കത്തിലാണ് ‘നവോത്ഥാന’ പ്രസ്ഥാനം. ഒരര്‍ഥത്തില്‍ ജിന്നുകള്‍ പോലും തങ്ങളെ സ്വയം ഇത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മറഞ്ഞ വഴി, തെളിഞ്ഞ വഴി, ഭൗതികം, അഭൗതികം, ഖാദിറും ഹാളിറും തുടങ്ങി ഈ മനുഷ്യന്മാര്‍ നടത്തുന്ന ചര്‍വിതചര്‍വണം കേട്ട് എന്തൊക്കെയാകും ആ പാവങ്ങള്‍ ആലോചിക്കുന്നുണ്ടാകുക?

മൂന്ന് കൂട്ടരാണ് ഇപ്പോള്‍ തര്‍ക്കം കൂടുന്നത്. ഒന്ന് വിസ്ഡം എന്ന പഴയ ജിന്ന് വിഭാഗം. മര്‍കസുദ്ദഅ്വ അഥവാ പഴയ മടവൂര്‍ ഗ്രൂപ്പ്. കെ എന്‍ എം എന്നറിയപ്പെടുന്ന സി ഡി ടവര്‍ പക്ഷം. തെരുവുകളില്‍ മറുപടിയും മറുപടിക്ക് മറുപടിയും അതിന് മറുപടിയുമായി കത്തിക്കയറുന്നുണ്ട് ഇവര്‍. വാദപ്രതിവാദ വെല്ലുവിളിയും അത് ഏറ്റെടുക്കലും നടന്നുകഴിഞ്ഞു. പേര് സൂചിപ്പിക്കുന്ന പോലെ വിസ്ഡംകാര്‍ ജിന്നുപക്ഷക്കാരാണ്. ജിന്ന് കൂടുമെന്ന് പറയുക മാത്രമല്ല, ചികിത്സകള്‍ നടത്തുകയും ചെയ്യുന്നു. ജിന്നിനോട് ഇവര്‍ പ്രാര്‍ഥിക്കുന്നു എന്നാണ് മറ്റു ഗ്രൂപ്പുകള്‍ പറയുന്നത്. ഇവരുടെ ജിന്ന് ചികിത്സയുടെ ഉള്ളുകള്ളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍കസുദ്ദഅ്വക്കാര്‍ ജിന്ന് ബാധ അന്ധവിശ്വാസമാണ്, അത് ഹിസ്റ്റീരിയ ആണ്, ജിന്ന് എന്നാല്‍, സൂക്ഷ്മ ജീവികളാണ് എന്നൊക്കെ തട്ടിവിടുന്നവരാണ്. ഇതിന് രണ്ടിനും ഇടയിലാണ് കെ എന്‍ എം. ജിന്ന് കൂടുമെന്നും ഇല്ലെന്നും പറയുന്നവര്‍ ഇതിലുണ്ട്, കുറച്ചുപേര്‍ രണ്ടിനും ഇടയിലുള്ള നിലപാടുള്ളവരാണ്. എനിക്കോ എനിക്ക് പരിചയമുള്ള മുജാഹിദുകള്‍ക്കോ സിഹ്റ് ഫലിച്ചിട്ടില്ലെന്നും അതുകൊണ്ട് സിഹ്റ് ഫലിക്കില്ല എന്നാണ് നിലപാടെന്നും ഹുസൈന്‍ മടവൂര്‍ എഴുതിയിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തില്‍ ആരായിരുന്നു ആദ്യം ജിന്നിനെ കയറ്റിയത്? അതാരായാലും ഇപ്പോള്‍ ഇറക്കാന്‍ കഴിയുന്നില്ല. ഏത് വലിയ സിദ്ധന്മാര്‍ വന്നിട്ടും നിഷ്ഫലം. പരേതനായ എ പി അബ്ദുല്‍ ഖാദിര്‍ മൗലവി തന്റെ അവസാന കാലത്ത് വസ്വിയ്യത്തായി പറയുന്നുണ്ടല്ലോ, ഈ ജിന്ന് വിഷയം നിര്‍ത്തണമെന്ന്. നാട്ടിലെവിടെയെങ്കിലും കൂടോത്രവും അതേച്ചൊല്ലിയുള്ള അലമ്പുകളും ചര്‍ച്ചയാകുമ്പോഴേക്കും അവിടെ അടി തുടങ്ങും. ജിന്നും സിഹ്റും പ്രബോധന വിഷയമാക്കരുത് എന്ന് ഇടക്ക് പറയും. അത് പറഞ്ഞാല്‍ വിഷയമാക്കരുത് എന്ന് പറഞ്ഞത് പ്രബോധന വിഷയമാക്കും. കടിപിടി കൂടും. പിന്നെ അതിനെക്കുറിച്ചാകും കച്ചറ.

2003ല്‍ മുജാഹിദുകള്‍ പിളര്‍ന്നത് ജിന്നും പിശാചും കണ്ണേറും കൂടോത്രവും മന്ത്രവും മാരണവുമൊക്കെ പറഞ്ഞാണ്. അങ്ങനെ മര്‍കസുദ്ദഅ്വയും കെ എന്‍ എം. സി ഡി ടവറും ആയി. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ അവശേഷിച്ച സി ഡി ടവറില്‍ നിന്ന് യുവജന വിഭാഗം വിട്ടുപോയതും ഈ ജിന്നിനും സിഹ്റിനും വേണ്ടി. അവര്‍ ആദ്യം ജിന്ന് വിഭാഗമെന്ന പേരില്‍ തന്നെ അറിയപ്പെട്ടു. പിന്നെ വിസ്ഡം ഗ്രൂപ്പെന്നായി. അങ്ങനെ ടോട്ടല്‍ മുജാഹിദ് സംഘം മൂന്നായി. ഒരു വ്യാഴവട്ടക്കാലത്തിലധികം ഒറ്റക്ക് നിന്ന് മടുത്തപ്പോള്‍ മര്‍കസുദ്ദഅ്വക്കാര്‍ പഴയ സി ഡി ടവര്‍ സംഘത്തോടടുത്തു. പിന്നെ ഐക്യപ്പെരുന്നാളായി. എന്നാല്‍, ജിന്നില്‍ തീരുമാനമെടുക്കാതെയായിരുന്നു ഐക്യം. കുറച്ച് കഴിഞ്ഞ് വീണ്ടും പിളര്‍ന്ന് മര്‍കസുദ്ദഅ്വ വേറെത്തന്നെ പോയി. വിഷയം ജിന്നും സിഹ്റും തന്നെ. ജിന്നിനെക്കുറിച്ച് മിണ്ടരുത് എന്ന് പലവട്ടം കരാറെഴുതി ഒപ്പുവെച്ചിരുന്നെങ്കിലും ഫലം നഹി. എന്നാല്‍, ഹുസൈന്‍ മടവൂര്‍ ചെന്നിടത്ത് തന്നെ കൂടി. ഉമര്‍ സുല്ലമി ഒറ്റക്കായി. അതിനിടക്ക് വിസ്ഡത്തില്‍ നിന്നും മാതൃസംഘടനയില്‍ നിന്നും മൈക്രോ ഗ്രൂപ്പുകള്‍ മുളപൊട്ടി. സകരിയാ സ്വലാഹി, ശംസുദ്ദീന്‍ പാലത്ത് തുടങ്ങി അറിയുന്നവരും അറിയാത്തവരുമായി അങ്ങനെ കുറേ പേര്‍ പോയി. ചിലര്‍ സിറിയയിലേക്ക് പോയെന്ന് വാര്‍ത്ത വന്നു. ആ ബഹളം വന്നതോടെ എല്ലാവരുടെയും ഒച്ച കുറഞ്ഞു. കേരളത്തിലാകെ ജിന്നു ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്ന് വരെ ആഹ്വാനങ്ങള്‍ വന്നുതുടങ്ങി. ഒരു പ്രസ്ഥാനത്തിന്റെ വിചിത്ര പരിണാമങ്ങള്‍.

ഒരു നിലക്ക് ചിന്തിക്കുമ്പോള്‍ ഇതിലൊന്നും അതിശയമില്ല. നവോത്ഥാനം, സ്ത്രീ സ്വാതന്ത്ര്യം, അന്ധവിശ്വാസം നിര്‍മാര്‍ജനം ചെയ്തത്, പ്രസവം ആശുപത്രിയിലാക്കിയത് തുടങ്ങി അവകാശവാദങ്ങള്‍ ഒരനുഷ്ഠാനമെന്ന പോലെ പറഞ്ഞുകേട്ടിരുന്നെങ്കിലും ആ വക്കം മൗലവി തന്നെയല്ലേ ഇവരുടെയൊക്കെ ആചാര്യന്‍! മൂപ്പര്‍ ആരാണെന്ന് ജീവചരിത്രകാരനായ ഹാജി എം മുഹമ്മദ് കണ്ണ് പറഞ്ഞുതരും: ‘കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോള്‍ സ്വദേശികളും അയല്‍ദേശവാസികളും ആയി നാനാജാതി മതസ്ഥര്‍ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നില്‍പ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവര്‍. അവര്‍ക്കെല്ലാം ഗ്ലാസില്‍ ശുദ്ധജലം ‘ഓതിക്കൊടുക്കുക’ അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്. വിശുദ്ധ ഖുര്‍ആന്‍ സൂറകള്‍ ഓതിയൂതിക്കൊടുക്കുകയാണ് പതിവ്. വിവിധ പ്രശ്‌നങ്ങളില്‍ ഉപദേശം തേടാന്‍ വന്നവരായിരിക്കും അടുത്ത കൂട്ടര്‍’ (വക്കം മൗലവിയും നവോത്ഥാന നായകന്‍മാരും).
വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് ‘വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക’ എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബ് എഴുതിയത്. വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്ന് തിരുത്തി വക്കത്തെ പുരോഗമനവാദിയാക്കാന്‍ ഒരെളിയ പരിശ്രമം ഇടക്ക് നടന്നിരുന്നു.

മുജാഹിദ് സംഘടനയിലെ ആദ്യ പിളര്‍പ്പിന്റെ ഘട്ടത്തില്‍ തരംതാണതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിരുന്നു. അന്നിറങ്ങിയ ‘ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും’ എന്ന എം ഐ മുഹമ്മദ് സുല്ലമിയുടെ പുസ്തകത്തില്‍, വലിയൊരു ഭാഗവും സലഫികളുടെ ഇത്തരം വിശ്വാസങ്ങളാണ്. കണ്ണേറ് നടത്തിയവന്റെ ശരീരത്തോട് ചേര്‍ന്ന വസ്ത്രം നനച്ച് പിഴിഞ്ഞ് അത് കണ്ണേറ് ഏറ്റവന്‍ കുടിക്കുന്ന ചികിത്സ, സിഹ്റിന് ഇലന്തമരത്തിന്റെ പച്ചിലകള്‍ വെള്ളത്തില്‍ അരച്ച് ചേര്‍ത്തുള്ള ചികിത്സ, കുളിപ്പിച്ച്, കൊപ്പിളിച്ച് തുപ്പിച്ച് അത് തലയിലൂടെ ഒഴിക്കുന്ന ചികിത്സയൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. ജിന്നും മനുഷ്യനും തമ്മില്‍ ലൈംഗിക ബന്ധം സാധ്യമാണെന്നും അതിലൂടെ അനുഭൂതി ലഭിക്കുമെന്നുമൊക്കെ പുസ്തകത്തിലുണ്ട്. എന്തിന് ഇബ്നു ബാസിന്റെ ക്ലാസ്സില്‍ പങ്കെടുക്കുന്ന ജിന്ന് സാക്ഷി പറഞ്ഞതനുസിരിച്ച് 1995ല്‍ ആഭിചാരക്കാരനെ കോടതി വിധിപ്രകാരം വെട്ടിക്കൊന്ന സംഭവം വരെ പുസ്തകത്തില്‍ വായിക്കാം. ഇതൊക്കെ വായിച്ച് ആവേശം കയറിയാല്‍ പിന്നെ എങ്ങനെ ജിന്ന് വിഷയം വിടാന്‍ തോന്നും സലഫി സുഹൃത്തുക്കള്‍ക്ക്? ആദ്യമൊക്കെ റുഖിയ്യ എന്ന് കേട്ടപ്പോള്‍ ഏതോ വനിതാ നേതാവിന്റെയോ അറബിക്കോളജിലെ ടീച്ചറുടെയോ കേസാണ് എന്നായിരുന്നു പലരും വിചാരിച്ചത്. പിന്നെയാണ് മന്ത്രവാദമാണെന്ന് മനസ്സിലായതത്രേ.

പുരോഗമന നവോത്ഥാന പ്രസ്ഥാനത്തിന് ആരോ മാരണം ചെയ്തതല്ലെങ്കില്‍ ഈ ഗതി വരാന്‍ യാതൊരു സാധ്യതയുമില്ല. എന്തൊക്കെ അന്തസ്സുള്ള മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച സംഘടനയാണ്. ഇപ്പോള്‍ എല്ലായിടത്തും കൂടോത്രം, മാരണം, കണ്ണേറ്… ഏതൊക്കെ മന്ത്രവാദി നേതാക്കള്‍ അടിച്ചിറക്കാന്‍ നോക്കി പ്രസ്ഥാനത്തെ ബാധിച്ച ഈ ജിന്ന് ബാധയും സിഹ്റ് ബാധയും ഒന്ന് ഒഴിവായിക്കിട്ടാന്‍. പുസ്തകം ഇറക്കി, പ്രസംഗിച്ചു നടന്നു, തീരുമാനമെടുത്തു. എന്തൊക്കെ പറഞ്ഞാലും തിരിഞ്ഞുമറിഞ്ഞ് ആദ്യം പറഞ്ഞിടത്ത് തന്നെ എത്തും. ഹഖീഖത്ത്, തഅ്സീറ്, വിളിച്ച് സഹായം തേടല്‍, കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറത്തുള്ളത്, ഇപ്പുറത്തള്ളത്, പ്രതിഫലനമുണ്ടെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്ക്. ഒരെത്തും പിടിയുമില്ല. ഇന്ന് ബാധയേല്‍ക്കും, നാളെ ഏല്‍ക്കില്ല. ഒരു സംഘത്തിലെ ഒരാള്‍ക്ക് ഒരു നിലപാട്, മറ്റേയാള്‍ക്ക് വേറെ നിലപാട്. മൂന്നാമന് മറ്റൊരു നിലപാട്! ഒരാള്‍ക്ക് തന്നെ നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയും നിലപാട്.

ഇസ്ലാമിക വിരുദ്ധ ചികിത്സാ രീതികളുടെ പുതിയ പ്രതിരൂപങ്ങളായ ആത്മീയ ചികിത്സകരും നവമത ജ്യോതിഷികളും ആളുകളെ കാല്‍ക്കീഴിലാക്കാന്‍ നോക്കുന്നുവെന്നും അത്തരം കേന്ദ്രങ്ങള്‍ സലഫി ആദര്‍ശത്തിന്റെ പേരില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും കേരള ജംഇയ്യത്തുല്‍ ഉലമ പുറത്തിറക്കിയ പുസ്തകം തന്നെ വിലപിക്കുന്നു. അതേസമയം, സിഹ്റ് ബാധിക്കുമെന്നും അതിന് ചികിത്സകളും റുഖിയ്യയും ഉണ്ടെന്നും സമര്‍ഥിക്കുകയും ചെയ്യുന്നു പുസ്തകം. പരസ്പരം ബഹുദൈവത്വം ആരോപിച്ചാണ് വാഗ്വാദങ്ങള്‍ പുരോഗമിക്കുന്നത് എന്നതും കാണണം. ആര്‍ക്കറിയാം എന്ന് തീരും ഈ കൂലങ്കഷമായ ചര്‍ച്ചകളെന്ന്!

 

---- facebook comment plugin here -----

Latest