Prathivaram
പുരോഗമന വംശീയത
നൊബേൽ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് സായിയുടെ വിവാഹത്തെ കുറിച്ചായിരുന്നു ആ ട്വീറ്റ്. നാളിതുവരെ പുരോഗമന ചിന്തയുടെയും സ്വതന്ത്ര ധൈഷണികതയുടെയും പ്രതിനിധിയായി സ്വയം നടിച്ചിരുന്ന തസ്‌ലീമ നസ്റിൻ, ഇത്രമേൽ വംശീയത നിറഞ്ഞ അഭിപ്രായം നടത്താൻ മുന്നോട്ടുവന്നു എന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച.
കഴിഞ്ഞ ദിവസം എഴുത്തുകാരി തസ്്ലീമ നസ്റിൻ ട്വിറ്ററിൽ എഴുതിയത് കണ്ട് എല്ലാവരും മൂക്കത്ത് വിരൽവെക്കുകയുണ്ടായി. നൊബേൽ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് സായിയുടെ വിവാഹത്തെ കുറിച്ചായിരുന്നു ആ ട്വീറ്റ്. നാളിതുവരെ പുരോഗമന ചിന്തയുടെയും സ്വതന്ത്ര ധൈഷണികതയുടെയും പ്രതിനിധിയായി സ്വയം നടിച്ചിരുന്ന തസ്്ലീമ നസ്റിൻ, ഇത്രമേൽ വംശീയത നിറഞ്ഞ അഭിപ്രായം നടത്താൻ മുന്നോട്ടുവന്നു എന്നതാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച.
“മലാല ഒരു പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചു എന്നറിഞ്ഞു ഞാൻ ഞെട്ടിയിരിക്കുകയാണ്. വെറും 24 വയസ്സാണ് അവൾക്ക് പ്രായം. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ മലാല പഠിക്കാൻ പോയപ്പോൾ ഞാൻ കരുതി അവിടെ വെച്ച് പുരോഗമന ചിന്തയുള്ള ഏതെങ്കിലും ഇംഗ്ലീഷുകാരനുമായി അവർ പ്രണയത്തിലാകുമെന്നും 30 വയസ്സിന് മുമ്പ് വിവാഹം കഴിക്കില്ലെന്നും.’ ഇതായിരുന്നു ട്വീറ്റ്.
വംശീയതയും അസഹിഷ്ണുതയും നിറഞ്ഞു പതയുന്ന അഭിപ്രായം. പുറമേ പുരോഗമനം നടിക്കുകയും അതേസമയം തീർത്തും സങ്കുചിതമായി എഴുതുകയും ചെയ്യുന്ന തസ്്ലീമയുടെ പതിവ് രീതി തന്നെയാണ് ഈ ട്വീറ്റിലും കാണാൻ കഴിയുന്നത്. ആധുനികതയെയും പുരോഗമനത്തെയും എത്രമേൽ വികലമായാണ് ഇവർ അഭിമുഖീകരിക്കുന്നത് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത്തരം പ്രതികരണങ്ങൾ കാരണമാകുന്നു എന്നതാണ് ഇപ്പോഴത്തെ വിവാദത്തിലെ നല്ല വശം. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു മുസ്‌ലിം യുവാവ് ആധുനികതയോട് പുറംതിരിഞ്ഞു നിൽക്കുന്ന ആളാണെന്നും പുരോഗമനം എന്നാൽ പടിഞ്ഞാറൻ സംസ്കാരത്തിലെ എന്തോ സംഗത്തിയാണെന്നും ആണ് തസ്്ലീമ പറഞ്ഞു വെക്കുന്നത്. അടിസ്ഥാനപരമായി മതത്തെ നിരാകരിക്കുകയും മുസ്‌ലിംകളെ കൊച്ചാക്കുകയും ചെയ്യുന്ന നിരവധി ആഖ്യാനങ്ങൾ തസ്്ലീമ നസ്റിൻ നേരത്തെ രചിച്ച പുസ്തകങ്ങളിൽ കാണാം. അവയിലോക്കെയും ഇപ്പോൾ വന്ന ട്വീറ്റിലെ പോലെ പുരോഗമന വംശീയതയും വെറുപ്പും കാണാം. എന്തിനാണ് ഇത്രമേൽ അസഹിഷ്ണുത എന്നാണ് തസ്്ലീമയോട് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചോദ്യം.
ആഫ്രിക്ക എന്നാൽ ഇരുണ്ട ഒരു ഭൂഖണ്ഡം ആണെന്ന ഒരു ബോധ്യം ആണല്ലോ പടിഞ്ഞാറൻ വ്യാഖ്യാനങ്ങൾ കാലങ്ങളായി പ്രചരിപ്പിക്കുന്നത്. അത്തരം വ്യാജ നിർമിതികളുടെ അകത്തു നിന്നാണ് തസ്്ലീമയുടെ ട്വീറ്റിന്റെയും വരവ്. വിവിധ ജനവിഭാഗങ്ങളെ വിശാലമായി നോക്കിക്കാണാനും ഉൾക്കൊള്ളാനും കഴിയാതെ പോകുന്നു എന്നത് തന്നെയാണ് ഈ വംശീയ മനോഭാവത്തിന്റെ പ്രധാന പ്രശ്നം.
ഇതൊരു ധൈഷണികമായ കാപട്യമാണ്. തസ്്ലീമ നസ്റിൻ എന്നത് ഈ വെറുപ്പിന്റെ അറ്റത്ത് നിൽക്കുന്ന പ്രതിനിധിയും. മുസ്‌ലിംകൾക്കെതിരെ, അവരുടെ വിശ്വാസത്തിനെതിരെ, അവരുടെ അടയാളങ്ങൾക്കെതിരെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഈ ആഖ്യാനങ്ങൾ ആണ് തിരുത്തപ്പെടേണ്ടത്. തസ്്ലീമ നസ്റിൻ താൻ അകപ്പെട്ടിരിക്കുന്ന ചെറിയ ലോകത്ത് നിന്ന് കരകയറാൻ ഒത്തിരി സമയം എടുത്തേക്കാം. എന്നാൽ, പുരോഗമനത്തിന്റെ അരികു പറ്റി വരുന്ന ഇത്തരം സങ്കുചിതമായ അഭിപ്രായങ്ങളോട് മൗനം പാലിക്കുന്ന ധൈഷണിക ലോകത്തെയാണ് നാം ഭീതിയോടെ കാണേണ്ടത്.