From the print
ബഹുഭാര്യത്വത്തിന് നിരോധം; തുല്യ അനന്തരാവകാശം വേണം
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് കരട് കൈമാറി
ഡെറാഡൂൺ | ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യു യു സി) കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് റിപോർട്ട് കൈമാറി. വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് കരട് സമർപ്പിച്ചത്. കരട് ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം അഞ്ച് മുതൽ എട്ട് വരെ നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനവും ചേരും.
ബഹുഭാര്യത്വത്തിന് നിരോധമേർപ്പെടുത്തണമെന്നും തുല്യ അനന്തരാവകാശം നടപ്പാക്കണമെന്നും ശിപാർശ ചെയ്യുന്ന കരടിൽ പ്രത്യേക പദവിയുള്ള ഗോത്രവിഭാഗക്കാരെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും പറയുന്നു. സംസ്ഥാനത്ത് ജനസംഖ്യയിൽ 2.9 ശതമാനം ഗോത്രവർഗക്കാരാണ്. മുസ്‌ലിം വ്യക്തി നിയമത്തിൽ പെട്ട ഹലാല, ഇദ്ദ, മുത്വലാഖ് എന്നിവ ശിക്ഷാർഹമാക്കണമെന്നും റിപോർട്ടിലുണ്ട്.
പെൺകുട്ടികളുടെ വിവാഹ പ്രായം 18ഉം ആൺകുട്ടികളുടേത് 21ഉം ആയിരിക്കും, വിവാഹത്തിന് നിർബന്ധമായും രജിസ്ട്രേഷൻ ഉണ്ടായിരിക്കും, അനന്തരാവകാശത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നതും റിപോർട്ടിലുണ്ടെന്നാണ് വിവരം. അതേസമയം, ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് കരടിൽ ശിപാർശകളൊന്നും നൽകിയിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.