National
മതപരിവർത്തന നിരോധന ബിൽ രാജസ്ഥാൻ നിയമസഭയിൽ; നിർബന്ധിത മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ്
ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിൻവ്‌സർ ആണ് ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്.
ജയ്പൂർ | നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ബിൽ രാജസ്ഥാൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. 2025-ലെ മതപരിവർത്തന നിരോധന ബില്ലാണ് തിങ്കളാഴ്ച സഭയിൽ വെച്ചത്. ബിൽ പ്രകാരം ബലം പ്രയോഗിച്ചോ, വഞ്ചനയിലൂടെയോ, ഭീഷണിപ്പെടുത്തിയോ, വിവാഹം വാഗ്ദാനം ചെയ്തോ മതപരിവർത്തനം നടത്തുന്നത് കുറ്റകരമാണ്.
നിർബന്ധപൂർവമുള്ള മതപരിവർത്തനം ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. കുറ്റക്കാർക്ക് 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. ഈ കേസുകൾ കോടതിയാണ് പരിഗണിക്കുക.
ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിൻവ്‌സർ ആണ് ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. സഭ ബില്ലിൽ ചർച്ച നടത്തുകയും വോട്ട് ചെയ്ത ശേഷം പാസാക്കുകയും ചെയ്യും.
ബില്ലിൽ, കുറ്റം ചെയ്യുന്നവർക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും നിർദ്ദേശിക്കുന്നു. ഇര കുട്ടിയോ, സ്ത്രീയോ, പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗത്തിൽപ്പെട്ട ആളോ ആണെങ്കിൽ, ശിക്ഷ രണ്ട് മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമായി വർദ്ധിക്കും. കൂട്ട മതപരിവർത്തനത്തിന്, മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇരകൾക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ കോടതിക്ക് ബിൽ അധികാരം നൽകുന്നു. വീണ്ടും കുറ്റം ചെയ്യുന്നവർക്ക് ഇരട്ടി ശിക്ഷയും ലഭിക്കും.
കരട് ബിൽ പ്രകാരം, മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ ഔപചാരികമായി അറിയിക്കണം.
ഇന്ത്യയുടെ ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ടെന്നും, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ബില്ലിൽ പറയുന്നു. സമീപ വർഷങ്ങളിൽ, വഞ്ചന, ഭീഷണി, ബലം പ്രയോഗം, പ്രലോഭനങ്ങൾ എന്നിവയിലൂടെ ആളുകളെ നിയമവിരുദ്ധമായി മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നതെന്ന് രാജസ്ഥാൻ സർക്കാർ വിശദീകരിച്ചു.