Kozhikode
നോളജ് സിറ്റിയുടെ പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കും: പി രാജീവ്
'ചെറുകിട നിക്ഷേപങ്ങളിലൂടെയും കുടില്‍ വ്യവസായങ്ങളിലൂടെയും വലിയ സാധ്യതകള്‍ തുറക്കാമെന്നതില്‍ നോളജ് സിറ്റി മാതൃകയാണ്.'
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയുടെ പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് കേരള വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ്. ‘ചെറുകിട നിക്ഷേപങ്ങളിലൂടെയും കുടില്‍ വ്യവസായങ്ങളിലൂടെയും വലിയ സാധ്യതകള്‍ തുറക്കാമെന്നതില്‍ നോളജ് സിറ്റി മാതൃകയാണ്. എല്ലാം വളരെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന നോളജ് സിറ്റിയെ കേരളത്തിന് വേണ്ടി ഞാന്‍ അഭിനന്ദിക്കുകയാണ്.’- മന്ത്രി പറഞ്ഞു. മര്‍കസ് നോളജ് സിറ്റി സന്ദര്‍ശന വേളയില്‍ നടന്ന സംരംഭക സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വീടുകള്‍ കേന്ദ്രീകരിച്ച് ജോലി സാധ്യതകള്‍ നിര്‍മിക്കുന്ന നോളജ് സിറ്റിയുടെ പദ്ധതി കേരളത്തിലെ സാമ്പത്തിക നിലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിക്കും. വ്യാവസായിക സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും വീടുകള്‍ക്കകത്ത് വ്യാവസായിക യൂണിറ്റ് തുടങ്ങുന്നതിനുമെല്ലാം തടസ്സമാകുന്നതോ കാലതാമസം വരുത്തുന്നതോ ആയ ഉദ്യോഗതല പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പുതിയ ഉത്പാദകര്‍ക്ക് യൂണിറ്റുകള്‍ നിയമക്കുരുക്കുകളില്ലാതെ തുടങ്ങാന്‍ സഹായിക്കുന്ന സംസ്ഥാനതല ബോഡി ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ ഉള്ള ഇടമാണ് കേരളം. വീട്ടില്‍ നിന്നും ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവസരം ഇത്തരക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഏറെ സഹായകമാകും. ഒരു വര്‍ഷം 1,09,000 കോടി രൂപയുടെ സാധനങ്ങള്‍ നിലവില്‍ കേരളത്തിന്റെ പുറത്ത് നിന്നും കൊണ്ടുവന്ന് വില്‍ക്കുന്നുണ്ട്. 44 നദികള്‍ ഉള്ള, മഴ നന്നായി കിട്ടുന്ന നമ്മുടെ നാട്ടില്‍ 260 കോടിയുടെ കുപ്പിവെള്ളം പുറത്ത് നിന്നുമെത്തിച്ചു വില്‍ക്കുന്നു. അങ്ങനെ പലതും നാം ഇപ്പോള്‍ പുറത്ത് നിന്നും കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഒട്ടുമിക്കതും നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ്.
സര്‍ക്കാര്‍ ഇപ്പോള്‍ മേക്കിങ് കേരള മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാ ഉത്പാദകര്‍ക്കും ഇത് സഹായകമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍ എ. ലിന്റോ ജോസഫും മന്ത്രിയോടൊത്തുണ്ടായിരുന്നു. നോളജ് സിറ്റിയിലെ സ്ഥാപന മേധാവികളുമായി മന്ത്രിയും എം എല്‍ എയും ചര്‍ച്ച നടത്തി. നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസലാം സംഗമത്തിന് നേതൃത്വം നല്‍കി.