National
രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിച്ച സമുന്നത നേതാവ്; മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖര്‍
ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്. ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കിയ അദ്ദേഹം സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി.
ന്യൂഡല്‍ഹി | രാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ പ്രമുഖര്‍ അനുശോചിച്ചു. ഇന്ത്യയുടെ കിടയറ്റ നേതാക്കളില്‍ ഒരാളാണ് യാത്രയായതെന്ന് നേതാക്കളെല്ലാം അനുശോച സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്. ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കിയ അദ്ദേഹം സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. ലൈസന്‍സ് രാജിന് വിരാമം കുറിക്കുകയും ഓഹരി വില്‍പനയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറയ്ക്കുകയും ചെയ്തു.
പ്രധാന മന്ത്രി നരേന്ദ്ര മോദി
ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിലൂടെ സമുന്നതനായ നേതാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. എളിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നു വന്ന അദ്ദേഹം ധനമന്ത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലിമെന്റില്‍ ഉള്‍ക്കാഴ്ചയോടെയുള്ള ഇടപെടലുകള്‍ നടത്തി.
പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
രാഹുല്‍ ഗാന്ധി
ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു. ഉജ്ജ്വലമായ വിവേകത്തോടെയാണ് മന്‍മോഹന്‍ സിംഗ് രാജ്യത്തെ നയിച്ചത്. വിനയവും സാമ്പത്തിക മേഖലയിലുള്ള ആഴത്തിലുള്ള അറിവും രാജ്യത്തിന് മുതല്‍ക്കൂട്ടായി. രാജ്യത്തെ ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ അദ്ദേഹത്തെ ഓര്‍ക്കും.
പ്രിയങ്കാ ഗാന്ധി
രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
സാമ്പത്തിക ഉദാരവത്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നേതാവായിരുന്നു മന്‍മോഹന്‍ സിംഗ്. അനവധി പേരെ ദാരിദ്യത്തില്‍ നിന്ന് മുക്തനാക്കിയ സമാനതകള്‍ ഇല്ലാത്ത നേതാവായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍
ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ പരക്കെ ആദരിക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുമ്പ് റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ ഉത്തരവാദിത്തവും നിര്‍വഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മന്റില്‍ ധനമന്ത്രിയായിരുന്ന മന്മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാര്‍ത്തു.
ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങള്‍ മുന്‍കൂട്ടിക്കണ്ട ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹന്‍ സിംഗിനുണ്ടായിരുന്നു. അല്‍പ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ പ്രയത്നിച്ചു. ഡോ. മന്‍മോഹന്‍ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.