Kerala
ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ അന്തരിച്ചു
ഖബറടക്കം ഇന്ന് രാത്രി 7 മണിക്ക് ഖത്തറിലെ അബൂഹമൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും.
![](https://assets.sirajlive.com/2025/02/essa-897x538.jpg)
ദോഹ|ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കെ എം സി സി ഖത്തര്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കെ മുഹമ്മദ് ഈസ (70) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാത്രി 7 മണിക്ക് ഖത്തറിലെ അബൂഹമൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഈസ ഖത്തറിലെ പ്രശസ്തമായ അലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മത-സാമൂഹിക രംഗത്തും കലാ – സാംസ്‌കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ഫുട്‌ബോള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്.
തിരുവനന്തപുരം സിഎച്ച് സെന്റര്‍ വൈസ് പ്രസിഡന്റ്, പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ട്രഷറര്‍, ചൂലൂര്‍ സിഎച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ എന്നീ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു. പതിറ്റാണ്ടുകളായി കുടുംബസമേതം ഖത്തറിലാണ് താമസം. ഭാര്യ: നസീമ, മക്കള്‍: നൗഫല്‍ മുഹമ്മദ് ഈസ, നാദിര്‍ ഈസ, നമീര്‍ ഈസ, റജില, മരുമകന്‍: ആസാദ്.