Connect with us

International

ചർച്ചയിൽ ആശാവഹമായ പുരോഗതി; ഗസ്സയിൽ വെടിനിർത്തൽ ഉടൻ?

ഇതുവരെ ഉണ്ടായതിനേക്കൾ വലിയ പുരോഗതിയാണ് ചർച്ചകളിൽ കാണാനാകുന്നതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി

Published

|

Last Updated

ന്യൂയോർക്ക് | ഫലസ്തീനിൽ ഇസ്റാഈൽ കഴിഞ്ഞ 14 മാസമായി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിന് ഉടൻ വിരാമമായേക്കുമെന്ന് സൂചനകൾ. വെടിനർത്തലിന് ഇരുപക്ഷവും തയ്യാറായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ആശാവഹമായ പുരോഗതിയുള്ളതായാണ് സൂചന.

ഗസ്സയിൽ നിന്ന് ഇസ്റാഈൽ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള കാലപരിധിയിൽ വിട്ടുവീഴ്ച ചെയ്യാൻ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവരെ ഉണ്ടായതിനേക്കൾ വലിയ പുരോഗതിയാണ് ചർച്ചകളിൽ കാണാനാകുന്നതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കട്സും വ്യക്തമാക്കി. അതേസമയം ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ 14 മാസത്തിനിടയിൽ നടന്ന നിരവധി വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇരുപക്ഷവും കൂടുതൽ സഹകരണത്തിന് തയ്യാറാകുന്നുവെന്നതാണ് വിദേശ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങൾ നീണ്ട യുദ്ധത്തിൽ ഹമാസിന് കനത്ത ആഘാതമുണ്ടായിട്ടുണ്ട്. ഹിസ്ബുല്ല ഇസ്റാഈലുമായി വെടിനിർത്തലിന് തയ്യാറായതും ഇറാനുണ്ടായ തിരിച്ചടിയും സിറിയയിൽ ബഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനവുമെല്ലാം പരമാവധി വിട്ടുവീഴ്ചക്ക് ഹമാസിനെ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

മറുവശത്ത് ഇസ്റാഈലും ശക്തമായ സമ്മർദമാണ് നേരിടുന്നത്. ആഗോളതലത്തിൽ ഇസ്റാഈലിനെതിരെ ഉയരുന്ന വികാരവും വെടിനിർത്തലിനുള്ള യുഎൻ ഉൾപ്പെടെ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകളും യുദ്ധത്തിൽ നിന്ന് പിൻമാറാൻ ഇസ്റാഈലിന് മേൽ കടുത്ത സമ്മരദം സൃഷ്ടിക്കുന്നുണ്ട്.

ജനുവരി 20ന് യുഎസിൽ ട്രംപ് ഭരണകൂടം അധികാരത്തിൽ വരുന്നതിന് മുമ്പായി വെടിനിർത്തൽ സാധ്യമാക്കാൻ യുഎസും ശക്തമായി ഇടപെടുന്നുണ്ട്. ബന്ധികളെ പരസ്പരം കൈമാറൽ, യുദ്ധം അവസാനിപ്പിക്കൽ , ഗസ്സക്ക് സഹായം എത്തിക്കൽ തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കാൻ യുഎസ് ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, ഗസ്സയിൽ ഇപ്പോഴും ഇസ്റാഈൽ ആക്രമണം തുടരുക തന്നെയാണ്. 2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ മരണസംഖ്യ 45,000 പിന്നിട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45,0258 പേരാണ് മരിച്ചതെന്ന് വിവിധ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 1,06,962 പേർക്കാണ് ആക്രമണങ്ങളിൽ പരുക്കേറ്റത്.

 

Latest