Editorial
ഉദയനിധിയുടെ സ്ഥാനക്കയറ്റം
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി തലമുറ മാറ്റത്തിലേക്ക് വഴി തുറന്നിരിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍. യുവജനങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് ചലനാത്മകമായ രാഷ്ട്രീയം പയറ്റുന്നുവെന്ന നിലക്ക് ഈ നീക്കം സ്വാഗതാര്‍ഹമാണ്. അപ്പോഴും ജനാധിപത്യവിരുദ്ധമായ പിന്തുടര്‍ച്ചാ രാഷ്ട്രീയം സ്റ്റാലിനും ആവര്‍ത്തിക്കുന്നുവെന്ന വിമര്‍ശം മാഞ്ഞു പോകുന്നില്ല.
സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും ദ്രാവിഡ ഉണര്‍വിന്റെയും ശക്തമായ പാരമ്പര്യമുള്ള തമിഴ്നാട് വര്‍ഗീയ രാഷ്ട്രീയ അജന്‍ഡകളെ ഫലപ്രദമായി ചെറുത്തുനില്‍ക്കുന്ന സംസ്ഥാനമാണ്. ഇ വി രാമസ്വാമി നായ്കര്‍ അടക്കമുള്ളവരുടെ ചിന്തകളും എഴുത്തുകളും സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും ഈ ദിശയിലേക്ക് സഞ്ചരിക്കുന്നതില്‍ തമിഴ് ജനതക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ ഊഴം വെച്ച് ഭരണം കൈയാളുമ്പോള്‍ ഉയര്‍ന്നു കേട്ട അഴിമതിയുടെയും കുടുംബാധിപത്യത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും വസ്തുതകള്‍ കളങ്കം ചാര്‍ത്തുമ്പോഴും ഹിന്ദുത്വ ശക്തികളെ അകറ്റി നിര്‍ത്തിയെന്നതില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രബുദ്ധത കൈയടി അര്‍ഹിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശകമായി ദക്ഷിണേന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി ജെ പിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തമിഴ്നാട്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ അവിടെ നടക്കുന്നത് വര്‍ഗീയ വിഭജന തന്ത്രങ്ങളാണ്. ദ്രാവിഡ ബോധ്യങ്ങള്‍ക്ക് പകരം ഹിന്ദുത്വ ബോധം കുത്തിവെക്കാനാണ് ശ്രമം. ഈ പശ്ചാത്തലത്തിലാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെയിലെ തലമുറ മാറ്റത്തെ വിലയിരുത്തേണ്ടത്. മകന്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി തലമുറ മാറ്റത്തിലേക്ക് വഴി തുറന്നിരിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍. യുവജനങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് ചലനാത്മകമായ രാഷ്ട്രീയം പയറ്റുന്നുവെന്ന നിലക്ക് ഈ നീക്കം സ്വാഗതാര്‍ഹമാണ്. അപ്പോഴും കരുണാനിധി പുറത്തെടുത്ത ജനാധിപത്യവിരുദ്ധമായ പിന്തുടര്‍ച്ചാ രാഷ്ട്രീയം സ്റ്റാലിനും ആവര്‍ത്തിക്കുന്നുവെന്ന വിമര്‍ശം മാഞ്ഞു പോകുന്നില്ല.
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി ഉയര്‍ത്തിയതിനൊപ്പം മന്ത്രിസഭയില്‍ ചെറിയ തോതില്‍ പുനഃസംഘടനയും നടത്തിയിട്ടുണ്ട് സ്റ്റാലിന്‍. കള്ളപ്പണക്കേസില്‍ അറസ്റ്റിലായി ജയിലിലാകുകയും ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്ത സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തിരിച്ചെത്തി. നേരത്തേയുള്ള എക്സൈസ്, വൈദ്യുതി വകുപ്പുകളില്‍ മാറ്റമില്ല. മൂന്ന് മന്ത്രിമാരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു- ഗോവി ചെഴിയന്‍, എസ് എം നാസര്‍, ആര്‍ രാജേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതികവും ഗോവി ചെഴിയന് ലഭിച്ചു. ആര്‍ രാജേന്ദ്രന് ടൂറിസം. ന്യൂനപക്ഷം, വഖ്ഫ് വകുപ്പുകളില്‍ നാസര്‍. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി നല്‍കുന്നത്. 2009-2011ലെ കരുണാനിധി മന്ത്രിസഭയില്‍ എം കെ സ്റ്റാലിനും 2017-21ലെ എടപ്പാടി പളനി സ്വാമി മന്ത്രിസഭയില്‍ ഒ പനീര്‍സെല്‍വവും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്.
കരുണാനിധി എങ്ങനെയാണോ മകന്‍ സ്റ്റാലിനെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിയത് അതിന്റെ തനിയാവര്‍ത്തനമാണ് നടന്നിരിക്കുന്നത്. പാര്‍ട്ടിയിലും സര്‍ക്കാറിലും രണ്ടാമനായി മാറിയ സാഹചര്യത്തില്‍ ഈ ഊഴത്തില്‍ തന്നെ ഉദയനിധി മുഖ്യമന്ത്രിയാകുമോ അതോ 2026ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മാത്രമാണ് ആകാംക്ഷയുള്ളത്. തനിക്ക് ലഭിച്ച യുവജന, കായിക മന്ത്രാലയത്തില്‍ ഉദയനിധി നടത്തിയ ഭേദപ്പെട്ട പ്രകടനവും സനാതന ധര്‍മത്തിലടക്കം നടത്തിയ വ്യക്തമായ അഭിപ്രായപ്രകടനങ്ങളും ഈ 46കാരന്റെ ഉപമുഖ്യമന്ത്രി സ്ഥാനലബ്ധിയെ യുക്തിസഹമാക്കുന്നുണ്ട്. തമിഴക രാഷ്ട്രീയത്തിന്റെ പതിവായ വെള്ളിത്തിരയില്‍ നിന്നാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2019ല്‍ ഡി എം കെയുടെ യുവജന വിഭാഗം സെക്രട്ടറിയായി. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെപ്പോക്ക് മണ്ഡലത്തില്‍ ജയിച്ചു. 2022ല്‍ മന്ത്രിസഭയില്‍. ലോക ചെസ് ഒളിമ്പ്യാഡ്, ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്, ഫോര്‍മുല 4 കാറോട്ടം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ളവ ചെന്നൈയിലെത്തിയത് ഉദയനിധി സ്റ്റാലിന്റെ നേട്ടങ്ങളായി ആഘോഷിക്കപ്പെട്ടു.
സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍ കൃത്യമായിരുന്നു. സനാതന ധര്‍മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തതെന്ന വിഷം നിറച്ച വ്യാഖ്യാനവുമായി ബി ജെ പി മുതലെടുപ്പിന് ശ്രമിച്ചെങ്കിലും മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഉദയനിധി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ തമിഴ്നാടിനകത്തും പുറത്തും അദ്ദേഹത്തിന് സ്വീകാര്യതയേറുകയാണ് ചെയ്തത്. താന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തിട്ടില്ല. പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാവി ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കില്ല. സനാതന ധര്‍മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കും- ഇതായിരുന്നു ഉദയനിധിയുടെ നിലപാട്. സാധാരണഗതിയില്‍ ഇത്തരമൊരു നിലപാടെടുത്ത നേതാവിന്റെ രാഷ്ട്രീയ യാത്ര, ശക്തനായ പിതാവിന്റെ സംരക്ഷണമുണ്ടെങ്കില്‍ പോലും, ദുഷ്‌കരമാകുകയാണ് ചെയ്യുക. ഇതൊക്കെയായിട്ടും ഉപമുഖ്യമന്ത്രിയായി ഉദയനിധിയെ ഉയര്‍ത്തുക വഴി സംഘ്പരിവാര്‍ രാഷ്ട്രീയത്തെ വെല്ലുവിളിക്കുകയാണ് സ്റ്റാലിന്‍ ചെയ്തത്. ആ അര്‍ഥത്തില്‍ ഉദയനിധിയുടെ സ്ഥാനക്കയറ്റം അര്‍ഥപൂര്‍ണമാണ്.
നടന്‍ വിജയ് പുതിയ പാര്‍ട്ടിയുണ്ടാക്കി വലിയ ഓളം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. മതേതര, ബി ജെ പിവിരുദ്ധ വോട്ടുകളിലാണ് അദ്ദേഹത്തിന്റെയും നോട്ടം. കെ അണ്ണാമലൈയിലൂടെ ബി ജെ പിയും യുവരക്തം ത്രസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ യുവ നേതൃത്വത്തെ ഉയര്‍ത്തിക്കാണിച്ചേ മുന്നോട്ട് പോകാനാകൂവെന്ന തിരിച്ചറിവ് സ്റ്റാലിനുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജസ്വലവും ആകര്‍ഷകവുമാക്കാന്‍ ഉദയനിധിക്ക് സാധിച്ചുവെന്നാണ് ഡി എം കെയുടെ വിലയിരുത്തല്‍.
മതേതര രാഷ്ട്രീയത്തിന്റെ വിജയഭൂമിയായി തമിഴ്നാട് നിലനില്‍ക്കണം. ഹിന്ദി അടിച്ചേല്‍പ്പിക്കലടക്കം ഫെഡറല്‍ മൂല്യങ്ങള്‍ തകര്‍ത്തെറിയുന്ന നയനിലപാടുകളുമായി യൂനിയന്‍ സര്‍ക്കാറും ബി ജെ പിയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും ആധികാരികമായ എതിര്‍ സ്വരമുയരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ‘ഇന്ത്യ’ മുന്നണിയുടെ ശക്തികേന്ദ്രമാണ് തമിഴകം. ആ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടാന്‍ ഉപകരിക്കുമെങ്കില്‍ മുത്തുവേല്‍ കുടുംബത്തിലെ ഈ തലമുറ മാറ്റത്തിന് കൈയടിക്കാം.