Connect with us

Kerala

സിഎഎ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണം; മുസ്ലീം ലീഗ് വീണ്ടും സുപ്രീംകോടതിയിലേക്ക്

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹരജിക്കാരാണ് മുസ്ലിം ലീഗ്.

Published

|

Last Updated

തിരുവനന്തപുരം|പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം. സിഎഎ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നുതന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വക്കാലത്തില്‍ ഒപ്പിട്ടു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹരജിക്കാരാണ് മുസ്ലിം ലീഗ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന് 12.30 ചേരും.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി വൈ എഫ് ഐ ശക്തമായി പ്രതിഷേധിക്കുമെന്ന് എ എ റഹീം എം പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ സുപ്രീംകോടതിയെ സമീപിക്കുമെന്നും എ എ റഹീം വ്യക്തമാക്കി. നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേ സമയം നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കം.