National
അര്‍ഷ്ദീപ് സിങിനെ ഖലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി പ്രചാരണം: വിക്കിപീഡിയക്ക് സമന്‍സ് അയച്ച് കേന്ദ്രം
സാമുദായിക സൗഹാര്‍ദത്തെയും നിയമ ക്രമസമാധാനത്തെയും താരത്തിന്റെ കുടുംബത്തെയും വ്യാജ വാര്‍ത്ത പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം.
ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങിനെ ഖലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ വിവരം വെബ് സൈറ്റില്‍ പ്രചരിച്ചതില്‍ വിക്കിപീഡിയ എക്‌സിക്യൂട്ടീവുമാര്‍ക്ക് സമന്‍സ് അയച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി മന്ത്രാലയം. ഉന്നതതല പാനല്‍ എക്‌സിക്യൂട്ടീവുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സാമുദായിക സൗഹാര്‍ദത്തെയും നിയമ ക്രമസമാധാനത്തെയും താരത്തിന്റെ കുടുംബത്തെയും വ്യാജ വാര്‍ത്ത പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനുമായുള്ള ഇന്നലത്തെ മത്സരത്തില്‍ നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് അര്‍ഷ്ദീപ് സിങിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. താരത്തിന്റെ വിക്കിപീഡിയ പേജിലെ പ്രൊഫൈലില്‍ നിരവധി ഇടങ്ങളില്‍ ഇന്ത്യ എന്നിടത്ത് രജിസ്റ്റര്‍ ചെയ്യാത്ത ഉപയോക്താവ് ഖലിസ്ഥാന്‍ എന്ന് ചേര്‍ത്തുനല്‍കുകയായിരുന്നു. എന്നാല്‍, 15 മിനുട്ടിനകം തന്നെ വിക്കിപീഡിയ എഡിറ്റര്‍മാര്‍ ഇത് പഴയ രൂപത്തിലേക്ക് മാറ്റി.
മുന്‍ താരങ്ങളുള്‍പ്പെടെ നിരവധി പ്രമുഖര്‍ അര്‍ഷ്ദീപ് സിങിന് പിന്തുണയുമായി രംഗത്തെത്തി. കടുത്ത സമ്മര്‍ദം നേരിടുന്ന ഒരു മത്സരത്തില്‍ ഏത് കളിക്കാരനും വീഴ്ച സംഭവിക്കാമെന്ന് ടി 20 മുന്‍ നായകനും ഓള്‍റൗണ്ടറുമായ വിരാട് കോലി പറഞ്ഞു. എന്നാല്‍, വരുത്തിയ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോകേണ്ടത് പ്രധാനമാണെന്നും കോലി പ്രതികരിച്ചു. അര്‍ഷ്ദീപ് സിങിന്റെ ഫാന്‍സും യുവ ഇന്ത്യന്‍ താരത്തിന് പിന്തുണയുമായെത്തി.
18ാം ഓവറില്‍ ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ചാണ് അര്‍ഷ്ദീപ് സിങ് വിട്ടുകളഞ്ഞത്. ആവേശകരമായ മത്സരത്തില്‍ ഇത് പാക്കിസ്ഥാന്റെ വിജയത്തിലേക്ക് നയിച്ച നിര്‍ണായക വീഴ്ചയായി. രവി ബിഷ്‌ണോയ് പതിനെട്ടാം ഓവര്‍ എറിയാനെത്തുമ്പോള്‍ പാക്കിസ്ഥാന് ജയിക്കാന്‍ 34 റണ്‍സ് വേണ്ടിയിരുന്നു. ഖുഷ്ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ഈ സമയത്ത് ക്രീസില്‍. ബിഷ്‌ണോയിയുടെ മൂന്നാം പന്തില്‍ ആസിഫ് അലി സ്വീപ്പ് ഷോട്ടിന് ശ്രമിച്ചപ്പോള്‍ പന്ത് ഉയര്‍ന്ന് പൊന്തുകയും കൃത്യം അര്‍ഷ് ദീപിലേക്കെത്തുകയുമായിരുന്നു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ താരത്തിനായില്ല. അവസാന ഓവര്‍ എറിയാനെത്തിയതും അര്‍ഷ്ദീപ് ആയിരുന്നു. ജയത്തിന് ആവശ്യമായിരുന്ന ഏഴ് റണ്‍സ് ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാന്‍ അടിച്ചെടുക്കുകയും ചെയ്തു.