Kerala
ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടെന്ന പ്രചാരണം; മാധ്യമങ്ങളെ ശാസിച്ച് ഡല്‍ഹി കോടതി
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി
ന്യൂഡല്‍ഹി | ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിന് എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടെന്ന മാധ്യമ പ്രചാരണത്തിനെതിരെ ഡല്‍ഹി റോസ് അവന്യൂ കോടതി. ജലീലിനെതിരെ കേസെടുക്കാന്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് കൈവശം കിട്ടിയ ശേഷമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂവെന്ന് കോടതി നിര്‍ദേശം നല്‍കി.
ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് ഹരജിക്കാരന്‍ ജി എസ് മണി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ അദ്ദേഹം നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു. പരാതിക്കാരന്‍ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ജലീലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജലീലിനെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ കോടതി ഇന്ന് വൈകീട്ട് നാലിന് വിധി പറയും. ജലീലിന്റെ വാദവും ഇന്ന് കോടതി കേട്ടു. വിധി പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ അപേക്ഷ നല്‍കിയിരുന്നു. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ജലീല്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീര്‍’, ‘ആസാദ് കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതോടെ ജലീല്‍ കുറിപ്പ് പിന്‍വലിച്ചിരുന്നു.