Connect with us

Kerala

വിദേശത്ത് വെച്ച് മദ്യസൽക്കാരത്തിൽ പങ്കെടുത്തെന്ന പ്രചാരണം; പരാതി നൽകി ടി എൻ പ്രതാപൻ

സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | യു എ ഇയിൽ വെച്ച് മദ്യസൽക്കാരത്തിൽ പങ്കെടുത്ത് കള്ളുകുടിച്ച് ലക്കുകെട്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെ സംബന്ധിച്ച് പരാതി നൽകിയതായി ടി എൻ പ്രതാപൻ എം പി. വീഡിയോ സഹിതമാണ് കള്ളപ്രചാരണമെന്നും സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ സൈബർ ബുള്ളിയിങ് നടത്തിയവർ വരെയുള്ള മുഴുവൻ ആളുകൾക്കുമെതിരെ വെവ്വേറെ പരാതികൾ നൽകി വരികയാണ്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകിയെന്നും അദ്ദേഹം അറിയിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

എനിക്കെതിരെ ഒരു വീഡിയോ എന്നെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കഴിഞ്ഞ ദിവസം എന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ യു എ ഇ സന്ദർശനത്തിലെ ഒരു വേളയാണ് വീഡിയോയിലുള്ളത്. എന്റെ ചില സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന പ്രവാസി കെയർ എന്ന സംവിധാനത്തിന്റെ ഒരു ഒത്തുചേരലിനിടെ ഞാൻ സുഹൃത്തുക്കളോട് പരിചയം പുതുക്കുന്നതും ചിലരെ പരിചയപ്പെടുന്നതുമൊക്കെ കാണിച്ച് ഞാൻ കള്ളുകുടിച്ചു നിൽക്കുകയാണെന്നാണ് പ്രചരണം.

ടി എൻ പ്രതാപൻ എന്ന പൊതുപ്രവർത്തകനെ പരിചയമുള്ള ആർക്കും അറിയാവുന്ന വിഷയമാണ് മദ്യം അടക്കമുള്ള കാര്യങ്ങളോട് എനിക്കുള്ള കർക്കശമായ നിലപാട്. അതുകൊണ്ടുതന്നെ എന്നെ അറിയുന്ന ആർക്കും ഇതൊരു വിഷയമേ ആകുന്നില്ല. പക്ഷെ, ശരവേഗത്തിൽ ഇതൊരു മോശമായ പ്രോപഗണ്ടായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികൾ മുതൽ യഥാർത്ഥ അക്കൗണ്ടുകൾ വരെയുണ്ട് അക്കൂട്ടത്തിൽ. ഫേസ്ബുക്കിലും ഇൻസ്ററാഗ്രാമിലും വാട്സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചരണം കണ്ടു.

ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളിൽ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ സൈബർ ബുള്ളിയിങ് നടത്തിയവർ വരെയുള്ള മുഴുവൻ ആളുകൾക്കും വേറെ വേറെ പരാതികൾ നൽകി വരികയാണ്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകി. ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകൾ ഈ പോസ്റ്റ് ഇപ്പോൾ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയർ ചെയ്തവർ മുതൽ ഏതെങ്കിലും തരത്തിൽ ആഘോഷിച്ച എല്ലാവർക്കും നടപടി നേരിടേണ്ടി വരും.

സാമൂഹ്യ മാധ്യമങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രചരണം നടത്താൻ പലരും ഉപദേശിച്ചപ്പോൾ ജനങ്ങൾക്കിടയിൽ ഇറങ്ങി ഞാൻ 2001 മുതൽ സാമ്പ്രദായികമായ രീതിയിൽ എന്റേതായ രൂപത്തിൽ നടത്തിവരുന്ന പ്രചരണ പരിപാടികൾ നടത്തിയ ആളാണ് ഞാൻ. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും മറ്റുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ എന്നു കരുതും. എന്നാലും കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാൻ മടിയുമില്ല. അതുകൊണ്ടു തന്നെ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ എനിക്ക് സാന്നിധ്യമുണ്ട്. ഇതിൽ ഫേസ്ബുക്കിലെ പേജ് വെരിഫൈഡ് ആണ്; കൂട്ടത്തിൽ കൂടുതൽ സജീവമാകുന്നതും ഈ ഇടത്തിൽ തന്നെ.

വളരെ പ്രധാനപ്പെട്ട ദേശീയ- അന്തർദേശീയ വിഷയങ്ങളും സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങളും മാനവികതയെ കുറിച്ച ആലോചനകളുമൊക്കെയാണ് ഞാൻ സാധാരണയിൽ എന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുപോരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും മറ്റും രാഷ്ട്രീയ വിമർശനങ്ങൾക്കും ഒട്ടും മടിക്കാറില്ല. എന്നാൽ സൈബർ ബുള്ളിയിങ് ഒരു തൊഴിലായി സ്വീകരിച്ച സംഘപരിവാറുകാർ അങ്ങേയറ്റം മോശമായ രീതിയിലാണ് എന്റെ പേജിൽ ഇടപെടുന്നതെന്ന് ഞാൻ നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമടക്കമുള്ള വിഷയങ്ങളിൽ വ്യാജ പ്രചരണം ഇപ്പോഴും തുടരുന്നത് ശ്രദ്ധയിൽ പെട്ടു. ഇങ്ങനെ 2001ലും 2006ലും 2011ലും തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ കേട്ടതും കണ്ടതുമായ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്നെയും എന്റെ വീട്ടുകാരെയും എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നേതാക്കളെയും വളരെ മ്ലേച്ഛമായ രീതിയിൽ അവതരിപ്പിക്കുന്ന ശാഖാ സംസ്കാരമാണ് പലപ്പോഴും എന്റെ പോസ്റ്റുകൾക്ക് താഴെ. കഴിഞ്ഞ കുറച്ചുകാലമായി അത്തരത്തിൽ എന്റെ കമന്റ് ബോക്സിലും ഇൻബോക്സിലും തെറിവിളിയും വിദ്വേഷ പ്രചരണവും നടത്തുന്നവരെ കൃത്യമായി അടയാളപ്പെടുത്തി വരികയായിരുന്നു. പലരും ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ് അവരവരുടെ സംഘടനാ സംസ്കാരം കാണിക്കുന്നത്. പലരുടെയും ഐ പി അഡ്രസുകൾ ഇന്ത്യക്ക് പുറത്താണെന്നും മനസ്സിലാക്കി.

നമ്മുടെ സംവാദ സംസ്കാരവും ചർച്ചാ ഇടങ്ങളും സൈബർ ഇടങ്ങളിലേക്ക് മാറിയപ്പോൾ അവിടെ ഏറ്റവും വൃത്തിഹീനമായ രൂപത്തിൽ അത് നശിപ്പിച്ച കാര്യത്തിൽ ആരാണ് ഉത്തരവാദി? ലിംഗ-മത-ജാതി-വർണ്ണ സംബന്ധിയായ തെറികളും ആക്ഷേപങ്ങളും ഇല്ലാതെ സൈബർ ഇടങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് വിചാരിക്കുന്ന അണികളെ ഉണ്ടാക്കി വിടുന്ന ശാഖാ-പാർട്ടി സംസ്കാരങ്ങൾ നിർത്തണം. എന്തായാലും കഴിഞ്ഞ ദിവസത്തെ വീഡിയോ പ്രചാരണം തുടങ്ങി ഞാൻ നേരത്തെ പറഞ്ഞ മുഴുവൻ സൈബർ ബുള്ളിയിങ്ങുകളെയും ശരിക്കും നേരിടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് എല്ലാവരെയും ചിലതൊക്കെ പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങൾ പല ഭാവത്തിലും രൂപത്തിലും കണ്ടിട്ട് തന്നെയാണ് ഇതുവരെയെത്തിയത്. ആർക്കും എന്റെ നിലപാടുകളിൽ നിന്ന് എന്നെ പേടിപ്പിച്ചു പിന്തിരിപ്പിക്കാനാവില്ല. നമുക്ക് കാണാം!

Latest