Uae
വസ്തു നികുതി; കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രവാസികള്‍
നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഇന്‍ഡക്സേഷന്‍ ബെനിഫിറ്റ് പ്രകാരം പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്.
ദുബൈ| ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ഉറ്റുനോക്കി ഇന്ത്യന്‍ പ്രവാസികള്‍. സമീപ വര്‍ഷങ്ങളില്‍ പാടെ അവഗണിക്കപ്പെടുന്ന വിഭാഗമാണ് എന്‍ ആര്‍ ഐകള്‍. എന്നാല്‍ ഇത്തവണ ധനമന്ത്രി നിര്‍മല സീതാരാമന്‍ കുറഞ്ഞത് പ്രവാസികളുടെ സ്വത്ത് വില്‍പ്പനയുടെ കാര്യത്തിലെങ്കിലും ചില നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഇന്‍ഡക്സേഷന്‍ ബെനിഫിറ്റ് പ്രകാരം പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്. സിറ്റിസന്‍ എന്ന വാക്കിന് പകരം റെസിഡന്റ് എന്ന വാക്ക് ഉപയോഗിച്ചതിലൂടെ പ്രവാസികള്‍ പരിധിക്ക് പുറത്തായി. വസ്തു വില്‍പ്പനയിലൂടെ നേടുന്ന ലാഭത്തിന് നല്‍കുന്ന നികുതിയാണ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ്.
വസ്തുവിന്റെ വില നാണ്യപ്പെരുപ്പത്തിനൊത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ മുമ്പ് അനുമതി നല്‍കിയിരുന്നു. ഇന്‍ഡക്സേഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പിന്‍വലിച്ചത്. വസ്തുവിന്റെ വിലക്ക് മേല്‍ നാണ്യപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കാക്കാത്ത, ഇന്‍ഡക്സേഷന്‍ ഇല്ലാത്ത നികുതി 12.5 ശതമാനമാണ്. ഈ നികുതി നിരക്ക് അവകാശം ഇന്ത്യയില്‍ സ്ഥിര താമസക്കാരായ വ്യക്തികള്‍ക്കും അവിഭജിത ഹിന്ദു കുടുംബങ്ങള്‍ക്കും മാത്രമാണ് എന്ന വ്യവസ്ഥയാണ് പ്രവാസികളെ ബാധിച്ചത്. പൗരന്‍മാര്‍ എന്നു വന്നാല്‍ മാത്രമേ പ്രവാസികള്‍ ഇതിന്റെ പരിധിയില്‍ വരൂ. ഈ വിഷയത്തില്‍ പുതിയ ബജറ്റ് വിശദീകരണം നല്‍കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലേക്ക് മടങ്ങുന്ന നിരവധി എന്‍ ആര്‍ ഐകള്‍ പെന്‍ഷന്‍ പുനരധിവാസ ആനുകൂല്യങ്ങള്‍, വിദേശ വരുമാനത്തിന്റെ നികുതി, വിരമിക്കല്‍ സേവിംഗ്സ് പ്ലാനുകള്‍, വിമാന ടിക്കറ്റ് നിരക്ക്, മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടുപോകല്‍ തുടങ്ങി കാലങ്ങളായുള്ള പ്രവാസി ആവശ്യങ്ങളോട് ക്രിയാത്മകമായ ഒരു സമീപനവും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നില്ല എന്നത് മുഴങ്ങി നില്‍ക്കുന്നതിനിടെയാണ് ഈ ബജറ്റും വരുന്നത്.