Meelad Rally 2022
മലപ്പുറത്തെ ഹര്‍ഷപുളകിതമാക്കി നബിദിന സ്‌നേഹറാലി
മഅ്ദിന്‍ നബിദിന സ്‌നേഹ റാലിയില്‍ ലഹരി വിരുദ്ധ ബോധവത്കരണവും
മലപ്പുറം | 1497-ാം നബിദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബിദിന സ്‌നേഹറാലി പ്രൗഢമായി. വൈകുന്നേരം നാലിന് എം എസ് പി പരിസരത്തു നിന്ന് ചെരക്കാപറമ്പ് സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ അക്കാദമി, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിന് പേർ അണിനിരന്നു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ ബോധവല്‍ക്കരണം, ബഹുസ്വര സമൂഹത്തില്‍ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകള്‍, കാര്‍ഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങള്‍, മത ദര്‍ശനങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ നിരര്‍ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകളും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദത്തിന്റെ അനിവാര്യത എന്നിവയുള്‍ക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി. മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു. മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥികളുടെ ഫ്‌ളവര്‍ ഷോയും മീലാദ് പാട്ടുവണ്ടിയും ശ്രദ്ധേയമായി.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വെസ്റ്റ് ജില്ലാ പ്രസിഡന്റ് എന്‍ വി അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം, കെ പി ജമാല്‍ കരുളായി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി പി എം ഇസ്ഹാഖ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി നേതൃത്വം നല്‍കി.
മഅ്ദിന്‍ നബിദിന സ്‌നേഹ റാലിയില്‍ ലഹരി വിരുദ്ധ ബോധവത്കരണവും
മലപ്പുറം | പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മഅ്ദിന്‍ സ്‌നേഹ നബി മീലാദ് റാലിയിലെ ഈ വര്‍ഷത്തെ സന്ദേശം ലഹരി വിരുദ്ധതയായിരുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും മാല-മൗലിദുകളുടെയും അകമ്പടിയോടെ വര്‍ണാഭമായി നടന്നു വരാറുള്ള മീലാദ് റാലിയില്‍ ഓരോ വര്‍ഷവും പ്രത്യേകം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. യുവ ജനങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വളരെ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ലഹരിയുപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ട് റാലി നിറഞ്ഞു നിന്നു. ‘സേ നോ റ്റു ഡ്രഗ്‌സ്’ എന്ന പ്രമേയത്തിലായിരുന്നു ലഹരി വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചത്. ലഹരിക്കെതിരെയുള്ള പ്രവാചക പാഠങ്ങള്‍ പകരുന്ന പ്ലെ കാര്‍ഡുകളും മോഡലുകളും ബലൂണുകളും പ്രധാന ആകര്‍ഷണമായിരുന്നു.
പ്രവാചകന്റെ ലഹരിവിരുദ്ധ പാഠങ്ങളെയും ഇസ്ലാം ലഹരിയെ നിരോധിച്ച മാര്‍ഗങ്ങളെയും മുന്‍നിര്‍ത്തിയുള്ള മീലാദ് സന്ദേശ പ്രഭാഷണവും വലിയ ജനശ്രദ്ധ നേടി. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ മുഴക്കിയതിലൂടെ പുതിയ സാഹചര്യത്തില്‍ സമൂഹത്തിന് ഏറ്റവും ആവശ്യമായ സന്ദേശം തന്നെയാണ് മീലാദ് റാലി സമ്മാനിച്ചതെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.