Connect with us

meelad seminar

കാലുഷ്യങ്ങള്‍ക്കെതിരെ പ്രവാചകരുടെ സ്നേഹ സന്ദേശം മുഴക്കണം: മീലാദ് സെമിനാര്‍

സ്വാര്‍ഥമായ കക്ഷി രാഷ്ട്രീയത്തിന് മതത്തെ ഉപയോഗിക്കുന്നത് പ്രശ്നമാണെന്ന് ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

Published

|

Last Updated

കാസര്‍കോട് | ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മീലാദ് സെമിനാര്‍ സമുദായ സൗഹാര്‍ദ വേദിയായി മാറി. സംഘര്‍ഷവും കാലുഷ്യങ്ങളും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ പ്രവാചകര്‍ മുന്നോട്ടുവെച്ച സ്നേഹ സന്ദേശം കൂടുതലായി പകര്‍ന്നു നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം  മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ വിഭാഗങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ഒരു രാജ്യത്ത് എല്ലാവരെയും പരിഗണിച്ച് എങ്ങനെ ഭരണം നടത്താമെന്ന് കാണിച്ചുതന്ന മികച്ച മാതൃകയാണ് പ്രവാചകരുടെ മദീന ചാര്‍ട്ടര്‍ എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധ ഭൂമിയില്‍ പോലും മനുഷ്യാവകാശത്തെക്കുറിച്ച് പ്രവാചകന്‍ സംസാരിച്ചു. ലഹരിയും സാമൂഹിക തിന്മകളും വര്‍ധിച്ചുവരുമ്പോള്‍ പരിവര്‍ത്തനത്തിലൂടെ സമ്പൂര്‍ണ ലഹരി നിരോധനം നടപ്പിലാക്കിയ പ്രവാചകരുടെ അധ്യാപനങ്ങള്‍ ഏറെ പ്രസക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി. പ്രവാചകര്‍ അവസാന ഹജ്ജ് വേളയില്‍ നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്യായമായി ഒരാളുടെയും രക്തമോ സമ്പത്തോ അഭിമാനമോ ഹനിക്കരുതെന്ന പ്രവാചക പ്രഖ്യാപനം ആവര്‍ത്തിച്ച് വായിക്കേണ്ട അധ്യായമാണ്. സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി ജിഹാദിനും പലായനത്തിനും തെറ്റായ അര്‍ഥങ്ങള്‍ പടച്ചുവിടുന്ന ശക്തികള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മതവും രാഷ്ട്രീയവും നാടിന്റെ പൊതു നന്മയാണ് വിഭാവനം ചെയ്യുന്നതെങ്കിലും സ്വാര്‍ഥമായ കക്ഷി രാഷ്ട്രീയത്തിന് മതത്തെ ഉപയോഗിക്കുന്നത് പ്രശ്നമാണെന്ന് ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. മനസ്സില്‍ വെളിച്ചം പകരുന്ന ഇത്തരം വേദികള്‍ കൂടുതലായി സൃഷ്ടിക്കപ്പെടണം. ചെറുപ്രായത്തില്‍ തന്നെ സൗഹൃദാശയങ്ങള്‍ പകര്‍ന്നു നല്‍കിയാല്‍ എല്ലാവരെയും പരസ്പരം അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നോവലിസ്റ്റ് പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാനുള്ള പാഠമാണ് പ്രവാചക ജീവിതം. ഹുദൈബിയ്യ സന്ധിയിലൂടെ പ്രവാചകര്‍ പകര്‍ന്നുനല്‍കിയ വിട്ടുവീഴ്ചയുടെ പാഠം ഇന്ന് ഏറെ പ്രസക്തമാണ്. യുദ്ധത്തടവുകാരായി പിടികൂടിയ അടിമകളെ വിട്ടുതരാന്‍ എതിരാളികള്‍  ആവശ്യപ്പെട്ടപ്പോള്‍ അവരെ ഞാന്‍ സ്വതന്ത്രരാക്കിയെന്ന പ്രഖ്യാപനവും അനാഥക്കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് സ്വന്തം കുഞ്ഞിനെ ലാളിക്കരുതെന്ന ആഹ്വാനവും സ്നേഹം കൊണ്ട് ലോകം കീഴടക്കിയ പ്രവാചകരുടെ കാരുണ്യ  പാഠങ്ങളാണ്. സമൂഹത്തില്‍ ഇരുട്ട് പരക്കുമ്പോഴെല്ലാം വെളിച്ചം പകരാനാണ് പ്രവാചകര്‍ വന്നതെന്ന് ചര്‍ക്കള മാര്‍ത്തോമയിലെ ഫാ. മാത്യു ബേബി അഭിപ്രായപ്പെട്ടു. എപ്പോഴും പ്രതീക്ഷ പകരുന്നതും ആളുകള്‍ക്ക് വഴി തെളിക്കുന്നതുമാണ് പ്രകാശം എന്നതിനാല്‍ മനസ്സുകളില്‍ പ്രകാശം പരത്താന്‍ നാം എപ്പോഴും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി അംഗം വി വി പ്രഭാകരന്‍, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം പ്രസംഗിച്ചു. മനസ്സുകള്‍ തമ്മില്‍ അകലം കൂടിവരുന്ന സമയത്ത് അടുത്തുനില്‍ക്കുന്നവരെ കണ്ടറിയാനുള്ള വെളിച്ചം കൊളുത്തുന്നവരായി നാം മാറണമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട  പുസ്തകം പ്രകാശനം ചെയ്തു. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രസംഗിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, മൂസല്‍ മദനി തലക്കി, അബൂബക്കര്‍ ഹാജി ബേവിഞ്ച, കന്തല്‍ സൂപ്പി മദനി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ, അശ്റഫ് കരിപ്പൊടി, നാഷനല്‍ അബ്ദുല്ല സംബന്ധിച്ചു.

Latest