comment against prophet
പ്രവാചക നിന്ദ: ബി ജെ പി മാപ്പ് പറയണം- എം എ ബേബി
ബി ജെ പിയില്‍ ധാരാമുള്ള നുപുര്‍ ശമര്‍മ്മമാരെ പുറത്താക്കണം
തിരുവനന്തപുരം | ബി ജെ പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം എ എ ബേബി. പ്രവാചക നിന്ദയില്‍ ബി ജെ പി മാപ്പ് പറയണം. അവരുടെ കൂട്ടത്തില്‍ ധാരാളമുള്ള നുപുര്‍ ശര്‍മമാരെയെല്ലാം പുറത്താക്കാനും ബി ജെ പി തയ്യാറാകണം. ഇല്ലെങ്കില്‍ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ ലോകം കാണുകയെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രാജ്യത്ത് സമാധാനപൂര്‍ണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതില്‍ ആര്‍ എസ് എസുകാര്‍ ഒരു ഇളവും അനുവദിക്കില്ലെന്നതാണ് നുപുര്‍ ശര്‍മയുടെയെല്ലാം വാക്കുകള്‍ കാണിക്കുന്നത്. കാണ്‍പൂരില്‍ ഇത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാര്‍ഹമായ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബി ജെ പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ സമാധാനപൂര്‍ണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതില്‍ ആര്‍ എസ് എസുകാര്‍ ഒരു ഇളവും അനുവദിക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. കാണ്‍പൂരില്‍ ഇത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാര്‍ഹമായ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടായില്ല.
അറബ് രാജ്യങ്ങളില്‍ നിന്ന് അതിശക്തമായ പ്രതിഷേധം ഉണ്ടായതോടെ തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു തിരുത്തല്‍ പ്രസ്താവനയുമായി ബിജെപി വന്നിട്ടുണ്ട്. ഏറ്റവും പരിഹാസ്യമായ ഒരു പ്രസ്താവനയാണ് അതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. എല്ലാ മതവിശ്വാസങ്ങളെയും എന്നും ആദരിക്കുന്നവരാണത്രെ ബിജെപി! (ഇന്ത്യയുടെ ഭരണത്തില്‍ മതന്യൂനപക്ഷത്തിന് ഒരു പങ്കും ഇല്ല എന്ന് കഴിഞ്ഞ ദിവസം അവര്‍ ഉറപ്പു വരുത്തി. ഒരൊറ്റ മുസ്ലിം പാര്‍ലമെന്റ് അംഗവും ഇല്ലാത്ത പാര്‍ട്ടി ആയി ബിജെപി മാറി.) പ്രവാചകനിന്ദയില്‍ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തില്‍ ധാരാളമുള്ള നൂപുര്‍ ശര്‍മമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കില്‍ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവരും കാണുക.