Kerala
പ്രവാചക തിരുശേഷിപ്പുകൾക്ക് പ്രാധാന്യമേറെ; തെളിവുകൾ നിരത്തി മുജാഹിദ് പ്രസിദ്ധീകരണം
"തബർറുക് അകവും പുറവും' എന്ന തലക്കെട്ടിലാണ് ഇത് സംബന്ധിച്ച ലേഖനം ഔദ്യോഗിക മുഖപത്രം അൽമനാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുകേശം ഉൾപ്പെടെയുള്ളവയുടെ മഹത്വങ്ങൾ ഇമാം ബുഖാരിയും മുസ്്ലിമും ഉദ്ധരിച്ച ഹദീസുകൾ നിരത്തി സുല്ലമിയുടെ വാദങ്ങളെ ലേഖനത്തിൽ ഖണ്ഡിക്കുന്നു.
കൊച്ചി | നബി(സ)യെ കൊണ്ടും തിരുശേഷിപ്പുകൾ കൊണ്ടും പ്രവാചക അനുചരരായ സ്വഹാബികൾ ബറകത്തെടുത്തത് ആധികാരികവും പ്രാമാണികവുമാകയാൽ നിഷേധിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി മുജാഹിദ് കെ എൻ എം വിഭാഗം.
“തബർറുക് അകവും പുറവും’ എന്ന തലക്കെട്ടിലാണ് ഇത് സംബന്ധിച്ച ലേഖനം ഔദ്യോഗിക മുഖപത്രം അൽമനാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നബി(സ)യെ കൊണ്ടും അവിടുത്തെ ശേഷിപ്പുകൾ കൊണ്ടും സ്വഹാബത്ത് നബി(സ)യുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും ബറകത്ത് എടുത്തു എന്നത് സ്ഥിരപ്പെട്ട വസ്തുതയാണ്. ഇതെല്ലാം ആധികാരികവും പ്രാമാണികവും സ്വഹീഹുമായതിനാൽ നിഷേധിക്കാൻ സാധ്യമല്ല. പക്ഷേ തബർറുക് നിഷേധികൾ ബുദ്ധിയുടെ മാനദണ്ഡമനുസരിച്ച് ഇവ നിഷേധിക്കുമ്പോൾ ഇതേ മാനദണ്ഡം ഖുർആൻ നിഷേധിക്കാനും ഇടവരുത്തും. അതൊരു വൻ ദുരന്തത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും- ലേഖനം പറയുന്നു.
സ്വഹാബികൾ നബി(സ)യുടെ ദേഹം കൊണ്ടും അവിടുത്തെ തിരുശേഷിപ്പുകൾ കൊണ്ടും ബറകത്തെടുത്തതിന്റെ നിരവധി ഉദാഹരണങ്ങൾ ഹദീസുകളിൽ കാണാമെന്നും ലേഖനം പറയുന്നു. സ്വഹീഹുൽ ബുഖാരി 5016, 189, 3553, 5869, 6281 മുതലായ ഹദീസുകൾ ഈ വിഷയത്തിൽ വന്നിട്ടുള്ളതാണെന്നും പ്രതിപാദിക്കുന്നുണ്ട്.
മുജാഹിദ് നേതാവ് പി കെ മൊയ്തീൻ സുല്ലമിയുടെ ബറകത്തെടുക്കലിനെ തള്ളിപ്പറയുന്ന പുസ്തകത്തിലെ പരാമർശങ്ങളെ ലേഖനത്തിൽ നിശിതമായി വിമർശിക്കുന്നുണ്ട്. തിരുകേശം ഉൾപ്പെടെയുള്ളവയുടെ മഹത്വങ്ങൾ ഇമാം ബുഖാരിയും മുസ്്ലിമും ഉദ്ധരിച്ച ഹദീസുകൾ നിരത്തി സുല്ലമിയുടെ വാദങ്ങളെ ലേഖനത്തിൽ ഖണ്ഡിക്കുന്നു.
അതേസമയം, കെ എൻ എം വിഭാഗം സുന്നി ആശയം സ്വീകരിച്ചെന്ന് ആരോപിച്ച് ലേഖനത്തിനെതിരെ മുജാഹിദ് മർകസുദ്ദഅ്‌വ വിഭാഗം രംഗത്തെത്തി. എന്നാൽ, മർകസുദ്ദഅ്‌വ വിഭാഗവും സമാന നിലപാട് പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് കെ എൻ എം പറയുന്നത്. മർസുദ്ദഅ്വ വിഭാഗത്തിന്റെ ആചാര്യനായ സി പി ഉമർ സുല്ലമി 2010 നവംബറിൽ ശബാബിലെഴുതിയ “നബി(സ)യുടെ സവിശേഷതകൾ’ എന്ന ലേഖനമാണ് ഇതിന് തെളിവായി കെ എൻ എം മുന്നോട്ടു വെക്കുന്നത്. “നബി(സ)യുമായി ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബറകത്ത് സ്വഹാബികൾ ഉപയോഗപ്പെടുത്തിയിരുന്നു എന്നത് ഒരു സത്യമാണ്. അതുകൊണ്ട് പല ഗുണങ്ങളും അവർക്കുണ്ടായിട്ടുണ്ട്….വെള്ളമില്ലാത്ത കിണറ്റിൽ നബി(സ) തുപ്പിയ വെള്ളമൊഴിച്ചപ്പോൾ അതിൽ ആവശ്യത്തിനുള്ള വെള്ളമുണ്ടായി. യുദ്ധത്തിൽ മുറിവ് പറ്റിയ സ്വഹാബിക്ക് നബി(സ)യുടെ ഉമിനീര് കൊണ്ട് സുഖം ലഭിച്ചു. അലി(റ)യുടെ കണ്ണ് രോഗം നബി(സ)യുടെ ഉമിനീരിനാൽ സുഖമായി. നബിയുടെ മുടികൾ ചില സ്വഹാബിമാർ സൂക്ഷിച്ചുവെച്ചിരുന്നു’- ഉമർ സുല്ലമിയുടെ ഈ പരാമർശങ്ങളടങ്ങിയ ശബാബ് ലേഖനമാണ് കെ എൻ എം വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.