Connect with us

Covid Kerala

മരണനിരക്ക് വര്‍ധിക്കുന്നത് ആനുപാതികമായി; മരിക്കുന്നവരില്‍ ഭൂരിഭാഗവും അനുബന്ധ രോഗമുള്ളവര്‍: മുഖ്യമന്ത്രി

മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവുക, കോവിഡ് മരണങ്ങള്‍ അധികരിക്കാതെ നിര്‍ത്തുക, വാക്‌സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്നിങ്ങനെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവിനു ആനുപാതികമായി മരണങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കിയത് ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്. ആ ഉദ്യമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞു. അത് പ്രശംസിക്കപ്പെടുകയും ചെയ്തു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂര്‍വം പരിശോധിക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കേ കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ മുന്‍പോട്ടു പോയേ മതിയാകൂ.

മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാവുക, കോവിഡ് മരണങ്ങള്‍ അധികരിക്കാതെ നിര്‍ത്തുക, വാക്‌സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്നിങ്ങനെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഒപ്പം ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. കോവിഡ് സാമൂഹിക ജീവിതത്തില്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ഭേദപ്പെടുത്തേണ്ടതുമുണ്ട്.

ആരോഗ്യവിദഗ്ധനും പ്രസിദ്ധ എപ്പിഡെമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മുളിയിലും വെല്ലൂര്‍ സി.എം.സിയിലെ വൈറോളജിസ്റ്റായ ഡോ. ഗഗന്‍ ദീപ് കാങ്ങും അതുപോലുള്ള നിരവധി പേരും കേരളത്തിന്റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് നമ്മുടെ ഇടപെടലിനുള്ള അംഗീകാരമാണ്.

ഡോ. ഗഗന്‍ ദീപ് കാങ്ങ് പ്രമുഖ വാര്‍ത്താ ന്യൂസ് പോര്‍ട്ടലായ ‘ദി വയറിനു’ നല്‍കിയ അഭിമുഖത്തില്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയായി കേരളത്തെ ഉയര്‍ത്തിക്കാണിച്ചു. യാഥാര്‍ഥ്യത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കോവിഡ് കണക്കുകള്‍ കേരളത്തിന്റെതാണെന്ന് ഡോ. കാങ്ങ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ടെസ്റ്റിംഗ് രീതിയുടെ മേന്മ അവര്‍ പ്രത്യേകം എടുത്തു പറഞ്ഞു.

മറ്റിടങ്ങളില്‍ രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ കേരളത്തിന്റെ പരിശോധന രോഗവ്യാപനമേഖലയിലാണ് എന്നും ഡോ.കാങ്ങ് വിശദീകരിക്കുന്നു. കേരളത്തില്‍ വൈകിയെത്തിയ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന ഘട്ടമായതിനാലാണ് രോഗസംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതെന്നും, വ്യാപനത്തിന്റെ വേഗം കുറച്ചും വാക്‌സിനേഷന്റെ വേഗം കൂട്ടിയും ജനങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ മികച്ച പ്രകടനമാണ് കേരളത്തിന്റെത് എന്നും ഡോ. കാങ്ങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ കേരളത്തിനായി എന്നതാണ് ഔട്ട് ലുക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. ജയപ്രകാശ് മുളിയില്‍ എടുത്തു പറയുന്ന ഒരു കാര്യം. ദേശീയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് കേരളത്തിലെ മരണനിരക്ക്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ മുഖ്യലക്ഷ്യം മരണം പരമാവധി കുറയ്ക്കുകയാണ്. ശക്തമായ പൊതുആരോഗ്യ സംവിധാനമുള്ളതിനാല്‍ കേസ് കൂടിയാലും നേരിടാന്‍ കേരളത്തിനാകും എന്നും കേരളത്തില്‍ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതാണ് കേസുകള്‍ കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന് എന്നും ഡോ.ജയപ്രകാശ് വിശദീകരിച്ചു.

ഒരു മഹാമാരിയുടെ ഘട്ടത്തിലെ ഏറ്റവും പ്രധാന ലക്ഷ്യം മരണം പരമാവധി കുറയ്ക്കുക എന്നതാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിനാണ് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് മരണ നിരക്ക് കുറച്ചു നിര്‍ത്താന്‍ സാധിക്കുന്നത് എന്നാണ്. 0.51 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. 1.34 ശതമാണ് ദേശീയ ശരാശരി. അതായത് കേരളത്തിലെ കോവിഡ് മരണ നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയാണ് ദേശീയ ശരാശരി മരണ നിരക്ക്. ഇന്ത്യയില്‍ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം, ഗ്രാമ നഗര വ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനം, വയോജനങ്ങളുടെ ശതമാനം കൂടിയ സംസ്ഥാനം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സംസ്ഥാനം, എന്നിങ്ങനെ മരണ നിരക്ക് ഏറ്റവും കൂടുതലാകാന്‍ എല്ലാ സാധ്യകളുണ്ടായിട്ടും നമുക്ക് മരണ നിരക്ക് കുറച്ചു നിര്‍ത്താന്‍ സാധിക്കുന്നത് ഇവിടെ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ഒരുക്കിയ ചികിത്സാ സംവിധാനങ്ങളുടേയും മികവാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

രോഗബാധിതരാകാത്ത ആളുകളുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണെന്നതാണ് രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നതിന്റെ ഒരു കാരണം. ഒരു സമൂഹത്തില്‍ എത്ര ശതമാനം പേരില്‍ രോഗം വന്നു പോയി എന്നു മനസ്സിലാക്കാന്‍ നടത്തുന്ന പഠനമാണ് സിറോ പ്രിവലന്‍സ് സര്‍വേ.

ഏറ്റവും അവസാനം ഐ.സി.എം.ആര്‍ പുറത്തിറക്കിയ സിറോ പ്രിവലന്‍സ് സര്‍വേ പ്രകാരം കേരളത്തിലെ 44.4 ശതമാനം ആളുകള്‍ക്കു മാത്രമാണ് രോഗം വന്നു പോയിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് രോഗബാധയുണ്ടാകാതെ തടയുന്നതില്‍ വലിയ തോതില്‍ നമ്മള്‍ വിജയിച്ചു എന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ രോഗത്തെ മികച്ച രീതിയില്‍ പ്രതിരോധിച്ചതു കൊണ്ട് രോഗം ഇതുവരെ ബാധിക്കാത്ത, രോഗസാധ്യത കൂടുതലുള്ള ആളുകള്‍ കേരളത്തില്‍ 50 ശതമാനത്തിനും മുകളിലാണ് എന്നതാണ് ഇതിന്റെ മറ്റൊരു വശം. ദേശീയ തലത്തില്‍ 66.7 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയിരിക്കുന്നത്. അതായത് രാജ്യത്താകെ എടുത്താല്‍ രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ളവര്‍ ഏകദേശം 30 ശതമാനം മാത്രമേയുള്ളൂ. മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കാണ് രോഗം വന്നു പോയത്. രാജസ്ഥാനില്‍ അത് 76.2ഉം, ബീഹാറില്‍ 75.9ഉം, ഗുജറാത്തില്‍ 75.3ഉം ഉത്തര്‍ പ്രദേശില്‍ 71ഉം ശതമാനമാണത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 69.8 ശതമാനം പേര്‍ക്കും തമിഴ്‌നാട്ടില്‍ 69.2 ശതമാനം പേര്‍ക്കും രോഗം വന്നു പോയിരിക്കുന്നു. പഞ്ചാബില്‍ അത് 66.5 ശതമാനമാണ്.

ഇത്തരത്തില്‍ സിറോ പോസിറ്റിവിറ്റി കണക്കാക്കുമ്പോള്‍ രോഗം വന്നു പോയതിനു പുറമേ വാക്‌സിന്‍ വഴി ആന്റിബോഡികള്‍ ആര്‍ജ്ജിച്ച ആളുകള്‍ കൂടി കണക്കില്‍ പെടുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആണ് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടുന്നത്. കേരളമാണ് ദേശീയതലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.