dileep case
ഫോണിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍
ഫോണുകള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്.
കൊച്ചി | നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഫോണിലെ തെളിവുകള്‍ നടന്‍ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹരജിക്ക് മറുപടി എന്ന നിലക്കാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
ശാസ്ത്രീയ പരിശോധനയില്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് ബോധ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഫോണുകള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് ഫോണുകള്‍ പരിശോധിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദിലീപും കൂട്ടുപ്രതികളും ആലുവയിലെ വിചാരണ കോടതിയില്‍ ഫോണുകള്‍ സമര്‍പ്പിക്കുകയും ഇവിടെ നിന്ന് ഫൊറന്‍സിക് ലാബിലേക്ക് അയക്കുകയുമായിരുന്നു.