pt thomas
സഹ്യന്റെ വീരപുത്രന് പ്രണാമം
അദ്ദേഹം സൃഷ്ടിച്ച ചലനങ്ങള്‍ ഏറ്റെടുക്കാന്‍ പുതിയ തലമുറ കടന്നുവരും എന്ന് പ്രതീക്ഷിക്കാം.
വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ “സഹ്യന്റെ മകന്‍’ എന്ന കവിത പ്രത്യക്ഷത്തില്‍ ഒരു കൊമ്പനാന മദം പൊട്ടി ഉത്സവപ്പറമ്പില്‍ അക്രമം നടത്തുമ്പോള്‍ അതിനെ വെടിവെച്ച് കൊല്ലുന്നതിനെ പറ്റിയാണ്. അതിലെ ആന സഹ്യന്റെ മകന്‍ ആണ്. ആ മകന്റെ അന്തിമമായ കരച്ചിലിനെ പറ്റി കവി പറയുന്നു “എങ്കിലുമതു ചെന്ന് മാറ്റൊലിക്കൊണ്ടൂ, പുത്ര സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍’ എന്ന്. ഇതു പറഞ്ഞു കൊണ്ടാണ് കവിത അവസാനിക്കുന്നത്. ഇപ്പോള്‍ ഇതിവിടെ ഓര്‍ക്കാന്‍ കാരണം തൃക്കാക്കരയുടെ (എന്റെ മണ്ഡലത്തിന്റെ) എം എല്‍ എയും കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാവുമായ പി ടി തോമസ് നമ്മെ വിട്ടുപോയ വാര്‍ത്ത കേട്ടപ്പോഴാണ്. വ്യക്തിപരമായി അനേക പതിറ്റാണ്ടുകളുടെ അടുപ്പമുണ്ട് അദ്ദേഹവുമായി എന്നതല്ല പ്രധാനമായും എന്നെ വേദനിപ്പിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ തന്നെ അദ്ദേഹത്തിന്റെ നിലവാരമുള്ള മറ്റു നേതാക്കള്‍ ഇനി അവശേഷിക്കുന്നില്ല എന്നതാണ്.
ഒരു ചെറിയ പദവിക്കോ സമ്പത്തിനോ വേണ്ടി മുമ്പ് പറഞ്ഞതെല്ലാം മാറ്റിപ്പറയാന്‍ ഒരു മടിയും ഇല്ലാത്തവരാണ് രാഷ്ട്രീയ നേതാക്കള്‍ എന്ന് ഒട്ടുമിക്കവരും തെളിയിച്ചു കഴിഞ്ഞ ഈ കാലത്ത് സ്വന്തം നിലപാടില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് തുറന്നു പ്രഖ്യാപിക്കുകയും അതിന്റെ ഫലമായി എം പി സ്ഥാനം തന്നെ ത്യജിക്കുകയും ചെയ്ത പി ടിയുടെ അത്ര പഴയതല്ലാത്ത ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ട്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നാല്‍ കര്‍ഷക ദ്രോഹമാണ്, മതദ്രോഹമാണ് എന്ന് ശക്തമായി പ്രചരിപ്പിച്ച മത, രാഷ്ട്രീയ നേതൃത്വങ്ങളുടെ മുഖത്ത് നോക്കി തന്റെ നിലപാട് ആവര്‍ത്തിക്കാന്‍ പി ടിക്ക് കഴിഞ്ഞു. മൂന്ന് പ്രാവശ്യമാണ് ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശവഘോഷയാത്ര മതനേതാക്കള്‍ നടത്തിയത്. മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്, “അവസാനത്തെ ആള്‍ ആണെങ്കില്‍ പോലും എനിക്ക് ശരിയാണെന്നു തോന്നുന്നതിന് വേണ്ടി ഞാന്‍ നില കൊള്ളും’ എന്ന്. ആ അര്‍ഥത്തില്‍ പി ടി യഥാര്‍ഥ ഗാന്ധിയന്‍ ആയിരുന്നു. കേരളം തുടര്‍ച്ചയായി പ്രളയത്തിലും ഉരുള്‍ പൊട്ടലിലും ആടിയുലഞ്ഞപ്പോള്‍ ചിലരൊക്കെ ഗാഡ്ഗിലിനെ ഓര്‍ത്തു എന്നത് ശരിയാണെങ്കിലും ഒരു പരിധി വരെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ പോലും പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സൗകര്യപൂര്‍വം മറന്നു. പക്ഷേ അവസാന ശ്വാസം വരെ അദ്ദേഹം അതിനു വേണ്ടി വാദിച്ചു. കടമ്പ്രയാർ മലിനീകരണ വിഷയത്തിലും അദ്ദേഹം ഏറെ പഴികേട്ടതാണ്. അല്ലെങ്കിലും വായുവും വെള്ളവും മണ്ണും മലയും കാറ്റും കടലും കണ്ടലും മറ്റും സംരക്ഷിക്കണം എന്ന് പറയുന്നവരെ വികസനവിരുദ്ധരായി മാത്രം കാണുന്ന ഇക്കാലത്ത് അത്തരത്തില്‍ ഉറച്ചു നില്‍ക്കാന്‍ പി ടി മാത്രമേ ഉണ്ടായുള്ളൂ. വ്യക്തി ജീവിതത്തിലും അദ്ദേഹത്തിന്റെ സംശുദ്ധമായ നിലപാടുകള്‍ ആര്‍ക്കും മാതൃകയാണ്.
അദ്ദേഹം സൃഷ്ടിച്ച ചലനങ്ങള്‍ ഏറ്റെടുക്കാന്‍ പുതിയ തലമുറ കടന്നുവരും എന്ന് പ്രതീക്ഷിക്കാം. സഹ്യന്റെ ഈ വീരപുത്രന് പ്രണാമം.