National
വഖ്ഫ് ഭേദഗതിക്കെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം: മുസ്ലിം യുവാക്കള്‍ രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടണമെന്ന് നോട്ടീസ്
സമാധാനപരവും ജനാധിപത്യപരവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യുവാക്കൾ

ലഖ്നോ | വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച മുസ്ലിം യുവാക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാന്‍ ആവശ്യപ്പെട്ട് കോടതിയുടെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ 24 പേര്‍ക്കാണ് സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസയച്ചത്. പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റമസാനിലെ അവസാന വെള്ളിയാഴ്ചയായ മാര്‍ച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയവര്‍ക്കെതിരെയാണ് നടപടി.
ഏപ്രില്‍ 16ന് കോടതിയില്‍ ഹാജരാകണമെന്നും സമാധാനം നിലര്‍ത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവെക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. സമാധാനപരവും ജനാധിപത്യപരവുമായാണ് തങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഒന്നും തകര്‍ക്കുകയോ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവര്‍ വ്യക്തമാക്കി.
സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് നോട്ടീസ് അയക്കുകയായിരുന്നെന്നും സിറ്റി എസ് പി സത്യനാരായണന്‍ പറഞ്ഞു.