Kerala
കായികമേളയിലെ പ്രതിഷേധം: സ്‌കൂളുകളുടെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം; മന്ത്രി വി ശിവന്‍കുട്ടി
അധ്യാപകര്‍ക്ക് എതിരായ നടപടി തുടരാനാണ് കമ്മിറ്റി തീരുമാനം.
തിരുവനന്തപുരം| സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെയും വിലക്കാണ് പിന്‍വലിച്ചത്. വിലക്ക് പിന്‍വലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം അറിയിച്ചുകൊണ്ട് സ്‌കൂളുകള്‍ കത്ത് നല്‍കിയിരുന്നു. മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയതായി മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അധ്യാപകര്‍ക്ക് എതിരായ നടപടി തുടരാനാണ് കമ്മിറ്റി തീരുമാനം. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യാപകര്‍ക്കെതിരെയുള്ള നടപടി പുനഃപരിശോധിക്കുക. ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.